
സ്ത്രീകളിൽ 50കളിലും 60കളിലും കണ്ടുവരുന്ന ഹൃദയസംബന്ധമായ അസുഖങ്ങളെ 30കളിൽ കണ്ടെത്താമെന്ന് പുതിയ പഠനം. ജീവിതശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവരികയും പ്രതിരോധ ചികിത്സ 30കളിൽ തന്നെ ആരംഭിക്കുകയും ചെയ്താൽ വാർധക്യത്തിലെ ഹൃദയ സംബന്ധമായ അസുഖങ്ങളെ അകറ്റിനിർത്താമെന്നാണ് പഠനം വ്യക്തമാക്കുന്നത്.
ഹൈ സെൻസിറ്റിവിറ്റി സീ റിയാക്റ്റീവ് പ്രോട്ടീൻ ( hsCRP), ലിപോ പ്രോട്ടീൻ, മോശം പ്രോട്ടീൻ എന്നറിയപ്പെടുന്ന ലോ ഡെൻസിറ്റി ലിപോപ്രോട്ടീൻ കൊളസ്ട്രോൾ എന്നീ മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. ഈ മൂന്ന് ഘടകങ്ങളും കൂടുതലുള്ള സ്ത്രീകളിൽ, കുറവുള്ള സ്ത്രീകളെ അപേക്ഷിച്ച് ഹൃദയസംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു.
ALSO READ: ആർത്തവ വേദനയാണോ നിങ്ങളുടെ പ്രശ്നം? പരിഹാരം ഇതാ...
ലോ ഡെൻസിറ്റി ലിപോപ്രോട്ടീൻ കൊളസ്ട്രോൾ കൂടുതലുള്ള സ്ത്രീകളിൽ 36 ശതമാനവും ഹൈ സെൻസിറ്റിവിറ്റി സീ റിയാക്റ്റീവ് പ്രോട്ടീൻ കൂടുതലുള്ള സ്ത്രീകളിൽ 70 ശതമാനവും ഹിപ്പോ പ്രോട്ടീൻ കൂടുതലുള്ള സ്ത്രീകളിൽ 33 ശതമാനവുമാണ് ഹൃദയസംബന്ധ അസുഖങ്ങൾക്കുള്ള സാധ്യത.
അതേസമയം, ഈ മൂന്ന് ഘടകങ്ങളും കൂടുതലുള്ള സ്ത്രീകളിൽ ഹൃദയ സംബന്ധ അസുഖങ്ങൾക്കുള്ള സാധ്യത 2.6 മടങ്ങ് കൂടുതലാണെന്നും അടുത്ത 30 വർഷത്തിനുള്ളിൽ സ്ട്രോക്കിനുള്ള സാധ്യത 3.7 മടങ്ങ് കൂടുതലാണെന്നും പഠനം പറയുന്നു. ഈ മൂന്ന് ഘടകങ്ങളും തമ്മിൽ പരസ്പരം ബന്ധമില്ലെന്നും പഠനം വ്യക്തമാക്കുന്നുണ്ട്.
30കളിൽ തന്നെ രക്ത പരിശോധയിലൂടെ രോഗസാധ്യത കണ്ടെത്തി ജീവിത ശൈലിയിൽ മാറ്റം കൊണ്ടുവന്നാൽ ഒരുപരിധി വരെ ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാനാകും. കൂടാതെ, ഇത്തരം കൊളസ്ട്രോൾ കുറക്കാൻ ഉപയോഗിക്കുന്ന മരുന്നുകളുടെ നിർമാണ സാധ്യതയും പഠനം തുറന്നിടുന്നുണ്ട്.
ബോസ്റ്റണിലെ ബ്രിങ്ഹാം ആൻഡ് വുമൻസ് ഹോസ്പിറ്റലിലെ ഡോ. പോൾ റിഡ്കറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. 1992നും 1995നും ഇടയിൽ 27,939 അമേരിക്കൻ വൈറ്റ് സ്ത്രീകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു സ്ത്രീകളുടെ ദീർഘകാല ഹെൽത്ത് ഇനീഷ്യേറ്റീവ് പഠനം. ലണ്ടനിൽ നടന്ന യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജിയുടെ വാർഷിക സമ്മേളനത്തിൽ അവതരിപ്പിച്ച കണ്ടെത്തലുകൾ ദി ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.