
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ ഡൊണാൾഡ് ട്രംപിന് ആശംസകളേകി പ്രധാനമന്ത്രി നരേന്ദ്ര മോദി. "തൻ്റെ സുഹൃത്ത് ഡൊണാൾഡ് ട്രംപിന് അഭിനന്ദനങ്ങൾ. ട്രംപ് വീണ്ടും വിജയം കെട്ടിപ്പടുക്കുമ്പോൾ ഇന്ത്യ-യുഎസ് സമഗ്രമായ ആഗോള, തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഞങ്ങളുടെ സഹകരണം ഉറപ്പുവരുത്താൻ ആഗ്രഹിക്കുന്നു. നമ്മുടെ ജനങ്ങളുടെ ഉന്നമനം, ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്ക് വേണ്ടി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാ" മെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഇരുവരുടെയും ശക്തമായ നയതന്ത്രബന്ധം, തന്ത്രപരമായ സഹകരണം, വ്യക്തിപരമായ സൗഹൃദം എന്നിവ നേരത്തെ ശ്രദ്ധേയമായിരുന്നു. 2019ൽ ഹൂസ്റ്റണിൽ നടന്ന ഹൗഡി മോദി, 2020ൽ അഹമ്മദാബാദിൽ നടന്ന നമസ്തെ ട്രംപ് എന്നീ പരിപാടികളിലും ട്രംപ്- മോദി ബന്ധം വ്യക്തമായിരുന്നു.
അതേസമയം, യുഎസിന് ഒരു സുവർണ കാലം കൊണ്ടുവരുമെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ടാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിജയത്തിന്റെ സന്തോഷം ഡൊണാള്‍ഡ് ട്രംപ് തന്റെ അനുയായികളുമായി പങ്കുവെച്ചത്. വെസ്റ്റ് പാം ബീച്ചില്‍ നടന്ന പരിപാടിയില്‍ റിപ്പബ്ലിക്കന്‍ പാർട്ടി സ്ഥാനാർഥി തന്റെ വിജയം പ്രഖ്യാപിച്ചു. പിന്നാലെ അതേ വേദിയില്‍ തെരഞ്ഞെടുപ്പ് കാലം മുഴുവന്‍ തന്റെ പ്രധാന പ്രചാരണ ആയുധമായിരുന്ന കുടിയേറ്റ നയവും ട്രംപ് ഒന്നു കൂടി ഉറപ്പിച്ചു പറഞ്ഞു. അതിർത്തികള്‍ മുദ്രവെയ്ക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ ട്രംപ് രാജ്യത്തേക്ക് ആളുകള്‍ നിയമപരമായി വരുന്നത് സ്വാഗതം ചെയ്യുന്നുവെന്നും അറിയിച്ചു.
"ഇതിനു മുന്‍പ് ആരും കണ്ടിട്ടില്ലാത്ത ഒരു മുന്നേറ്റമാണിത്. എക്കാലത്തെയും വലിയ രാഷ്ട്രീയ മുന്നേറ്റം. ഈ രാജ്യത്ത് ഇതുപോലെയും ഇതിനപ്പുറത്തും ഒന്ന് ഉണ്ടായിട്ടില്ല, ട്രംപ് പറഞ്ഞു. തന്റെ വിജയത്തിനു മറ്റൊരു തലം കൈവന്നിരിക്കുന്നുവെന്ന് പറഞ്ഞ ട്രംപ് സഹായം ആവശ്യമുള്ള യുഎസിനെ സഹായിക്കാന്‍ പോകുകയാണെന്നും ആഹ്വാനം ചെയ്തു.
തുടർന്ന് തനിക്ക് വോട്ട് ചെയ്ത യുഎസ് ജനതയ്ക്ക് ട്രംപ് നന്ദി അറിയിച്ചു. 2004ലെ ജോർജ് ഡബ്ല്യു ബുഷിന്റെ വിജയത്തിനു ശേഷം ജനകീയ വോട്ടുകളില്‍ ഭൂരിപക്ഷം നേടുന്ന ആദ്യ റിപ്പബ്ലിക്കനാണ് ട്രംപ്.