
തെലങ്കാന ബിആർഎസിന് വീണ്ടും കനത്ത തിരിച്ചടിയായി കൂറുമാറ്റം. ലെജിസ്ലേറ്റീവ് കൗൺസിലിലെ ആറ് അംഗങ്ങൾ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. രേവന്ത് റെഡ്ഡിയുടെ വസതിയിലെ കൂടിച്ചേരലിനൊടുവിലാണ് എംഎൽസിമാർ കോൺഗ്രസിൽ ചേർന്നത്. വ്യാഴാഴ്ച രാത്രി ഏറെ വൈകിയായിരുന്നു തീരുമാനം. എംഎൽസിമാരായ ദണ്ഡേ വിത്തൽ, ഭാനു പ്രസാദ്, ബി ദയാനന്ദ്, പ്രഭാകർ റാവു, എഗ്ഗെ മല്ലേശം, ബസവരാജു സരയ്യ എന്നിവരാണ് കോൺഗ്രസിൽ എത്തിയത്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ബിആർഎസ്സിൽ നിന്നുണ്ടായ കൊഴിഞ്ഞുപോക്കുകളുടെ തുടർച്ചയാണ് ഇതും. ഇതോടെ കോൺഗ്രസ് എംഎൽസിമാരുടെ എണ്ണം 12 ആയി.
നേരത്തെ ബിആർഎസിൻ്റെ ആറ് എംഎൽഎമാർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു. 2013ൽ ബിആർഎസിൽ എത്തിയ മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ കെ കേശവ റാവു കോൺഗ്രസിൽ അടുത്തിടെ മടങ്ങിയെത്തിയിരുന്നു. പാർട്ടിക്കും ചന്ദ്രശേഖര റാവുവിനും ഈ കൂറുമാറ്റം കനത്ത തിരിച്ചടിയാകും.