
ഒമാനിൽ ഇന്നു മുതൽ ചിലയിടങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് റിപ്പോർട്ട്. ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അറിയിപ്പ് പ്രകാരം സെപ്റ്റംബർ 29 ഞായറാഴ്ച മുതൽ 2024 ഒക്ടോബർ ഒന്ന് ചൊവ്വാഴ്ച വരെ ഒമാനിൽ മഴ ലഭിച്ചേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഒമാനിലും മറ്റു പ്രദേശങ്ങളിലും വ്യത്യസ്ത തീവ്രതയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒമാൻ കടലിനോട് ചേർന്നുള്ള തീരപ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്കുംഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഞായർ, തിങ്കൾ ദിവസങ്ങളിൽ 10 മുതൽ 30 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്നാണ് അറിയിപ്പിൽ പറയുന്നത്.
പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ ദൂരക്കാഴ്ച കുറയാൻ സാധ്യതയുണ്ടെന്നും, തിരമാലകൾ 2.25 മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ചയോടെ കാറ്റിൻ്റെ തീവ്രത ചെറുതായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടുണ്ട്.