
തുടർച്ചയായ രണ്ടാം ദിവസവും തമിഴ്നാട്ടിൽ മഴ തുടരുന്നു. കനത്ത വെള്ളക്കെട്ടിനെ തുടർന്ന് ചെന്നൈ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഒക്ടോബർ 17 ന് പുലർച്ചയോടെ തീരം തൊടും.തമിഴ്‌നാട്ടിൽ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് എന്നീ പ്രദേശങ്ങളിൽ അതിതീവ്ര മഴയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. ഐടി കമ്പനികളിലെ ജീവനക്കാർക്ക് ഒക്ടോബർ 18 വരെ വർക് ഫ്രം ഹോം അനുവദിക്കണമെന്നു തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു.
തിങ്കളാഴ്‌ച രാത്രി മുതൽ ചെന്നൈയിലും സമീപപ്രദേശങ്ങളിലും ഇടവിട്ട് മഴ പെയ്യുകയാണ്. ഒക്ടോബർ 18ന് മുൻപായി മഴ ഇനിയും ശക്തിപ്പെടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദമാണ് ചെന്നൈയിലും സമീപ പ്രദേശങ്ങളിലും നാശം വിതച്ചത്. ന്യൂനമർദം ഒക്ടോബർ 17ന് പുലർച്ചയോടെ തീരം തൊടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂനമർദം തീരത്തേക്ക് അടുക്കും തോറും ഇനിയും ശക്തി പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബുധനാഴ്ച പെയ്ത കനത്ത മഴയിൽ തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായി. വേളാച്ചേരി മേൽപ്പാലത്തിൽ വാഹനങ്ങൾ നിർത്തിയിട്ടിരിക്കുകയാണ്. എല്ലാവിധ സഹായങ്ങൾക്കും എൻഡിആർഎഫും ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ അറിയിച്ചു.
അടിയന്തര ആവശ്യത്തിനായി 219 ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്. വെള്ളം കളയാൻ ബാക്കപ്പ് ഡീസൽ ജനറേറ്ററുകളാൽ പ്രവർത്തിക്കുന്ന ഏകദേശം 1,000 പമ്പുകളാണ് എത്തിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ ചെന്നൈയിൽ ശരാശരി 5 സെൻ്റീമീറ്റർ മഴയാണ് രേഖപ്പെടുത്തിയതെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണവും വൈദ്യസഹായവും തമിഴ്നാട് സർക്കാർ ലഭ്യമാക്കുന്നുണ്ട്. ഇന്നും നാളെയും ചെന്നൈയിലെ അമ്മ കാൻ്റീനുകളിൽ സൗജന്യ ഭക്ഷണം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു. 931 ദുരിതാശ്വാസ ക്യാമ്പുകൾ ഇതിനോടകം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.