
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത . എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു . കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. കാസർഗോഡ്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാംകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദപാത്തി മൂലം പടിഞ്ഞാറൻ തീരമേഖലയിൽ കാലവർഷകാറ്റ് ശക്തിപ്രാപിക്കും. ഇതിൻ്റെ ഫലമായാണ് മഴ വീണ്ടും ശക്തമാകുന്നത്.
മലയോര മേഖലകളിലും ,തീരദേശ പ്രദേശങ്ങളിലും ജാഗ്രത നിർദ്ദേശം നിലനിൽക്കുന്നു . കേരള - കർണ്ണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർശന നിർദ്ദേശമുണ്ട്. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ വിശാവുന്ന കാറ്റിനും സാധ്യതയുണ്ട്. വരും ദിവസങ്ങളിലും ശക്തമായ മഴ ലഭിക്കും എന്നാണ് മുന്നറിയിപ്പ് .