
സംസ്ഥാനത്തു വരുന്ന മൂന്നു ദിവസം തീവ്ര മഴയ്ക്ക് സാധ്യത. എട്ടു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഒൻപത് ജില്ലകളിൽ എൻഡിആർഎഫ് ടീമിനെ നിയോഗിച്ചെന്ന് റവന്യൂ മന്ത്രി മന്ത്രി കെ. രാജൻ അറിയിച്ചു. സംസ്ഥാനത്തെ ജനങ്ങൾ ജാഗ്രത പാലിക്കാൻ മന്ത്രി നിർദേശം നൽകി.
കഴിഞ്ഞ 24 മണിക്കൂറിൽ കാലവർഷ സീസണിലെ ഏറ്റവും വലിയ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. വരുന്ന മൂന്ന് ദിവസവും മഴ കനക്കും. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ്.
നാളെ വയനാട്, കണ്ണൂർ ജില്ലകളിലും ഓറഞ്ച് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ തീവ്രമാകുന്ന സാഹചര്യത്തിൽ മഴക്കെടുതികൾ വിലയിരുത്തുന്നതിനും മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനും മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്നു. ഓറഞ്ച് അലേർട്ട് നിലനിൽക്കുന്ന 9 ജില്ലകളിൽ എൻഡിആർഫ് ടീമിനെ നിയോഗിച്ചു.
മലയോര തീരദേശ മേഖലകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ മലയോര മേഖലകളിലേക്കുള്ള രാത്രികാല യാത്ര നിയന്ത്രണം ഏർപ്പെടുത്തും. അവധിയിയെടുത്ത ഏകോപന ചുമതയുള്ള ഉദ്യോഗസ്ഥർ തിരികെ ജോലിയിൽ പ്രവേശിക്കാനും ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. അനിവാര്യമായ സാഹചര്യങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകാനും ജില്ല കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. മഴയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങൾ വഴി വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.