
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പ്. നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനൊപ്പം ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
അതസമയം,മുംബൈയിലും ഗോവയിലും മഴക്കെടുതികൾ രൂക്ഷമായി തുടരുകയാണ്. ഗോവയിൽ മതിലിടിഞ്ഞ് വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഗോവയിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രീ-പ്രൈമറി മുതൽ 12-ാം ക്ലാസ് വരെയുള്ള എല്ലാ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതോടെ മഹദേശ് വന്യജീവി സങ്കേതത്തിൽ കുടുങ്ങിയ 150 പേരെ രക്ഷപ്പെടുത്തി. ഇതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒരാഴ്ചത്തേക്ക് പ്രവേശനത്തിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായുള്ള മഴയെ തുടർന്ന് മുംബൈ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതോടെ മിക്കയിടങ്ങളിലും ഗതാഗത തടസം ഉണ്ടായി. ലോക്കൽ ട്രെയിൻ സർവീസുകൾ പല റൂട്ടുകളിലും നിർത്തിവച്ചു. അസമിൽ വെള്ളപ്പൊക്കം രൂക്ഷമായതോടെ 28 ജില്ലകളിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. എട്ട് പേർ കൂടി മരിച്ചതോടെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 66 ആയി ഉയർന്നു. ബ്രഹ്മപുത്ര,ബരാക് ഉൾപ്പെടെയുള്ള നദികളിലെ ഒഴുക്ക് അപകടനിലയിൽ തുടരുകയാണ്.