
സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്നു. വിവിധയിടങ്ങളിൽ വെള്ളക്കെട്ടും മഴക്കെടുതിയും രൂക്ഷം. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും, 9 ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു . തീരപ്രദേശങ്ങളിൽ രൂക്ഷമായ കടലാക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഴ ശക്തമായ സാഹചര്യത്തിൽ മലയോര മേഖലകളില്‍ യാത്രാ നിയന്ത്രണം ഏർപ്പെടുത്തി. മഴ, വെള്ളപ്പൊക്കം എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെയും ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്ക് മാറ്റമില്ല.
കനത്ത മഴയിൽ കാസർഗോഡ് ജില്ലയുടെ പല ഭാഗങ്ങളും വെള്ളത്തിനടയിലായി. കാസർഗോഡ് മംഗലാപുരം ദേശീയപാതയിൽ ചെർക്കളയ്ക്കും ബേവിഞ്ചയ്ക്കുമിടയിൽ മണ്ണിടിച്ചിലുണ്ടായി. കൊയങ്ങാനത്തും റോഡിൻ്റെ ഒരു വശം ഇടിഞ്ഞ് താഴ്ന്നു. മധൂർ ക്ഷേത്രം ഭാഗികമായി വെള്ളത്തിനടിയിലായി. മഗൽപാടി പഞ്ചായത്തിലെ ഇരുപതാം വാർഡിലെ പല ഭാഗങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. കാസർഗോഡ് പള്ളഞ്ചി - പാണ്ടി റോഡിൽ കൈവരി ഇല്ലാത്ത പാലത്തിൽ നിന്നും കാർ പുഴയിലേക്ക് മറിഞ്ഞു.
കണ്ണൂർ ജില്ലയുടെ മലയോര മേഖലകളിലും മഴ തുടരുകയാണ്. വിവിധ ഇടങ്ങളിൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തു. ഉദയഗിരി കാർത്തികപുരത്ത് സ്കൂളിൻ്റെ മതിലിടിഞ്ഞു വീണു. 50 അടിയോളം ഉയരമുള്ള മതിലാണ് കഴിഞ്ഞ രാത്രിയിൽ ഇടിഞ്ഞു വീണത്. ഇരിട്ടി - പേരാവൂർ റോഡിൽ എടത്തൊട്ടിയിൽ ഇലക്ട്രിക് ലൈനിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. ഉളിക്കൽ വയത്തൂർ, മണിക്കടവ് പാലങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. വളപട്ടണം പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
വയനാട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കല്പറ്റ പുത്തൂർവയലിൽ കിണർ ഇടിഞ്ഞു താഴുകയും നിരവിൽ പുഴയിൽ വീടിൻ്റെ മതിൽ ഇടിയുകയും ചെയ്തു. ജില്ലയിൽ 3 താലൂക്കുകളിലായി 5 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. നൂൽപ്പുഴ 2, നെന്മേനി, മുട്ടിൽ, കോട്ടത്തറ എന്നിവിടങ്ങളിൽ ഓരോ ക്യാമ്പ് വീതവുമാണ് തുറന്നത്.
കോഴിക്കോടിൻ്റെ മലയോര തീരദേശ മേഖലകളിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടമുണ്ടായി. നാദാപുരത്തും, രാമനാട്ടുകര ദേശീയ പാതയിലും മരം കടപുഴകി വീണ് നാശനഷ്ടങ്ങളുണ്ടായി. നഗരത്തിലെ പല റോഡുകളിലും വെള്ളക്കെട്ട് തുടരുകയാണ്.
എറണാകുളം ജില്ലയിൽ കഴിഞ്ഞ ദിവസം മുതൽ ശക്തമായ മഴയാണ് റിപ്പോർട്ട് ചെയ്തത്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തായി വെള്ളക്കെട്ട് രൂപപ്പെട്ടു. ജില്ലയുടെ കിഴക്കൻ മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ പ്രദേശവാസികൾക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകി. കോതമംഗലം, കോലഞ്ചേരി മേഖലകളിൽ കഴിഞ്ഞ ദിവസം മണ്ണിടിച്ചിലും മരങ്ങൾ വീടുകളിലേക്ക് കടപുഴകി വീണതായും റിപ്പോർട്ടുകൾ ഉണ്ട്. കൂടാതെ ജില്ലയുടെ തീരദേശ മേഖലകളിൽ കടലാക്രമണ ഭീഷണി ശക്തമായി തുടരുകയാണ്.
വൈപ്പിൻ, എടവനക്കാട്, ചെല്ലാനം മേഖലകളിൽ വീടുകളിലേക്ക് കടൽ വെള്ളം ഇരച്ചു കയറിയതോടെ നിരവധി കുടുംബങ്ങളെ ഇവിടുന്നു മാറ്റി പാർപ്പിച്ചു. ആവിശ്യമെങ്കിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ ജില്ലാ ഭരണകൂടം തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ശക്തമായ മഴയിലും കാറ്റിലും കോട്ടയം കുമരകത്ത് യാത്രക്കിടെ ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞു, ഇരുചക്ര വാഹനങ്ങൾക്കും നിയന്ത്രണം തെറ്റി. പരസ്യ ബോർഡുകൾ മറിഞ്ഞു വീടിന് മുകളിലേക്ക് വീണും, വീടുകളുടെയും, സ്ഥാപനങ്ങളുടെയും ഷീറ്റ് മേൽക്കൂര, വാട്ടർ ടാങ്ക് അടക്കം സ്ഥാനം തെറ്റി നിലം പൊത്തിയും നിരവധി നാശനഷ്ടം റിപ്പോർട്ട് ചെയ്തു. കൃഷി ആവശ്യങ്ങൾക്കായുള്ള നെൽവിത്തും, കക്കയും ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന ഷെഡിൻ്റെ മേൽക്കൂര ഷീറ്റും തകർന്നു. 60 ഓളം ഏത്തവാഴ ഒടിഞ്ഞു വീണ് നശിച്ചു. പലയിടങ്ങളിലും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. തിരുവല്ല കുറ്റപ്പുഴ വില്ലേജിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനമാരംഭിച്ചു. 18 കുടുംബങ്ങളിൽ നിന്നായി 123 പേർ ക്യാമ്പിലുണ്ട്. ജില്ലയിൽ ഈ മാസം 30 വരെ മലയോര മേഖലകളിലേക്ക് രാത്രി യാത്രാ നിരോധനമുണ്ട്. ക്വാറികളുടെ പ്രവർത്തനവും 30 വരെ നിരോധിച്ചിട്ടുണ്ട്.