
വയനാട്, മലപ്പുറം, കോഴിക്കോട്, തൃശൂർ, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിലാണ് ജില്ലയിലെ പ്രൊഫഷണൽ കോളേജുകളും, ട്യൂഷൻ സെന്ററുകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചത്. വിദ്യാർഥികൾ താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ സ്ഥാപനങ്ങൾക്ക് മൂന്ന് ജില്ലകളിലും അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ല എന്നും അറിയിച്ചു. കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് മാത്രമാണ് നിലവിൽ അവധി പ്രഖ്യാപിച്ചിട്ടുള്ളത്, കോളേജുകൾക്ക് അവധിയില്ല.
കണ്ണൂർ ജില്ലയിലെ തലശ്ശേരി, ഇരിട്ടി, തളിപ്പറമ്പ താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട്, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കി, സുരക്ഷിത മേഖലകളിൽ തുടരാൻ ആളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആളിയാർ, പീച്ചി ഡാമുകളുടെ ഷട്ടറുകൾ തുറന്നു. ആളിയാർ ഡാമിൻ്റെ ഒൻപത് ഷട്ടറുകൾ ഒൻപത് സെന്റിമീറ്റർ വീതമാണ് തുറന്നത്. സെക്കൻഡിൽ 1427 ഘനയടി വീതം വെള്ളമാണ് തുറന്ന് വിടുന്നത്. പീച്ചി ഡാമിൽ ഷട്ടറുകൾ 20 സെന്റീമീറ്ററിലേക്ക് ഉയർത്തി. സമീപവാസികളോട് അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ബാണാസുര സാഗർ ഡാം നാളെ രാവിലെ എട്ട് മണിക്ക് തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കളക്ടർ ഉൾപ്പെടെയുള്ള സംഘം ഡാമിൽ എത്തിയ ശേഷമായിരിക്കും ഡാം ഷട്ടർ തുറക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിൽ കനത്ത മഴയെത്തുടർന്ന് വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. കോഴിക്കോട് കുറ്റ്യാടിയിൽ ശക്തമായ കാറ്റിനെ തുടർന്ന് മരങ്ങൾ കടപുഴകി വീണു. മരങ്ങൾ വീണ് രണ്ട് വീടുകൾ തകരുകയും, വൈദ്യുതി ലൈനുകൾ പൊട്ടി വീണ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ഈങ്ങാപ്പുഴയിൽ പുഴ കരകവിഞ്ഞൊഴുകി റോഡിൽ വെള്ളം കയറി.
മലപ്പുറത്ത് വിവിധയിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. ശക്തമായ കാറ്റിൽ മരം വീണ് വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. കൊണ്ടോട്ടി ഒളവട്ടൂർ ഹയർ സെക്കൻഡറി സ്കൂളിൻ്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണു. 20 മീറ്ററോളം മതിലാണ് തകർന്നത്. സ്കൂൾ വിടുന്നതിന് മിനുട്ടുകൾക്ക് മുൻപാണ് മതിൽ തകർന്നത്. അപകടത്തിൽ ആളപായമില്ല. ചങ്ങരംകുളം ചിയ്യാനൂരില്‍ വീടിന് മുകളിലേക്ക് തെങ്ങ് വീണ് ഓടിട്ട വീട് ഭാഗികമായി തകര്‍ന്നു.
തൃശൂർ പാലപ്പിള്ളി, എച്ചിപ്പാറ പ്രദേശങ്ങളിൽ മലവെള്ളപ്പാച്ചിലുണ്ടായി. എച്ചിപ്പാറ സ്കൂളിനു സമീപത്തെ തോട് കര കവിഞ്ഞ് സമീപത്തെ വീടുകളിലും പറമ്പുകളിലും വെള്ളം ഇരച്ചുകയറി. 15 മിനിറ്റോളം സ്ഥലത്ത് ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. കനത്ത നീരൊഴുക്കിൽ എച്ചിപ്പാറ ചക്കുങ്ങൽ നസീറിന്റെ വീട്ടുമതിൽ തകർന്നു. പൂവ്വത്തിങ്കൽ അയൂബിന്റെ വീട്ടിലും എച്ചിപ്പാറ മദ്രസയിലും വെള്ളം കയറി. വടക്കാഞ്ചേരിയിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. കുമ്പളങ്ങാട് റോഡിൽ ആയുർവേദ ആശുപത്രിക്ക് സമീപമുള്ള നാല് വീടുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. മൂന്ന് വീടുകൾക്ക് ഭാഗികമായ കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽ ആർക്കും പരുക്കില്ല. സ്ഥലത്ത് റവന്യൂ വകുപ്പ് അധികൃതർ സന്ദർശനം നടത്തി.