സംസ്ഥാനത്ത് അതിതീവ്ര മഴ വരുന്നു; മൂന്ന് ജില്ലകള്‍ക്ക് നാളെ റെഡ് അലേര്‍ട്ട്

കാലവര്‍ഷക്കാറ്റ് ശക്തി പ്രാപിക്കുന്നതിനാല്‍ വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് അതിശക്തമഴ തുടരും.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on

കേരളത്തില്‍ നാളെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. കാലവര്‍ഷക്കാറ്റ് ശക്തി പ്രാപിക്കുന്നതിനാല്‍ വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് അതിശക്തമഴ തുടരും. വടക്കന്‍ കേരള തീരം മുതല്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. പശ്ചിമ ബംഗാളിനും, ജാര്‍ഖണ്ഡിനും ഒഡിഷക്കും മുകളിലായി ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്.

അതോടൊപ്പം കേരള തീരത്ത് പടിഞ്ഞാറന്‍/ വടക്കു പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടി/മിന്നല്‍/കാറ്റോടു കൂടിയ മിതമായ/ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

നാളെ വടക്കന്‍ ജില്ലകളായ കണ്ണൂര്‍ കാസര്‍ഗോഡ് മലപ്പുറം ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഈ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ എറണാകുളം തൃശൂര്‍, പാലക്കാട്, കോഴിക്കോട് വയനാട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ കോട്ടയം തൃശൂര്‍ വയനാട് എന്നീ ജില്ലകള്‍ക്ക് ഇന്നും പത്തനംതിട്ട ആലപ്പുവ കോട്ടയം ഇടുക്കി എന്നീ ജില്ലകളില്‍ നാളെയും മഞ്ഞ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ കനക്കുന്ന സാഹചര്യത്തില്‍ ഇന്ന് മുതല്‍ വ്യാഴാഴ്ച വരെ അടുത്ത അഞ്ച് ദിവസത്തേക്ക് കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. 



Related Stories

No stories found.
News Malayalam 24x7
newsmalayalam.com