
സംസ്ഥാനത്ത് മഴക്കെടുതിയിൽ വ്യാപക നാശനഷ്ടം. മൂന്ന് ജില്ലകളിലായി അഞ്ച് പേരാണ് മഴക്കെടുതിയിൽ ഇതുവരെ മരിച്ചത്. പാലക്കാട് വടക്കഞ്ചേരിയിൽ വീടിൻ്റെ ചുമരിടിഞ്ഞ് അമ്മയും മകനും മരിച്ചു. കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് ഒരു സ്ത്രീയും പുരുഷനും മരിച്ചു. തിരുവല്ലയിൽ പുല്ല് വെട്ടുന്നതിനിടയിൽ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാളും മരണപ്പെട്ടു.
വടക്കഞ്ചേരി കൊട്ടേക്കാട് താമസിക്കുന്ന സുലോചന, മകന്‍ രഞ്ജിത്ത് എന്നിവരാണ് വീടിൻ്റെ ചുമരിടിഞ്ഞ് വീണ് മരിച്ചത്. രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. ആലത്തൂര്‍ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂർ കോളാരി സ്വദേശി കുഞ്ഞാമിനയാണ് വെള്ളക്കെട്ടിൽ വീണ് മരിച്ചത്. ചൊക്ലിയിൽ മേക്കര വീട്ടിൽ താഴെകുനിയിൽ ചന്ദ്രശേഖരനും വെള്ളക്കെട്ടിൽ വീണാണ് മരിച്ചത്. തിരുവല്ലയിൽ റെജിയാണ് പുല്ല് ചെത്തുന്നതിനിടെ ഷോക്കേറ്റ് മരിച്ചത്.
ഇടുക്കി
കൊട്ടാരക്കര ദിന്ധുക്കൽ ദേശീയപാതയിൽ ഇടുക്കി പീരുമേട് മത്തായി കൊക്കഭാഗത്ത് റോഡിൻ്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. കനത്ത മഴയിൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതാണ് സംരക്ഷണഭിത്തി ഇടിയാൻ കാരണം. ഇതോടെ വാഹനങ്ങൾക്ക് നയന്ത്രണമേർപ്പെടുത്തി. മഴ കൂടിയതോടെ തൊടുപുഴ മലങ്കര ഡാമിലെ എല്ലാ ഷട്ടറുകളും ഉയർത്തി. തൊടുപുഴ മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്. കഞ്ഞിക്കുഴി പുന്നയാർ ആറാംകൂപ്പിൽ വീടിനു മുകളിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീണു ഭാഗികമായി തകർന്നു. ആർക്കും പരുക്കില്ല. ലോവർപെരിയാർ വൈദ്യുതി നിലയത്തിൽ മണ്ണിടിഞ്ഞു രണ്ട് ഫീഡറുകൾ തകർന്നു. ഒന്നരക്കോടിയുടെ നഷ്ടമാണ് ഉണ്ടായത്. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കരടിപ്പാറയ്ക്ക് സമീപം മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. മണതോട് മണ്ണിടിഞ്ഞ് വീട് തകർന്ന് ഒരാൾക്ക് പരുക്കേറ്റു. ഷീറ്റ് തകർന്ന് ദേഹത്ത് പതിച്ച് സുരേഷിൻ്റെ ഭാര്യ മഹാലക്ഷ്മിക്കാണ് പരുക്കേറ്റത്.
കോട്ടയം
ശക്തമായമായ മഴയിലും കാറ്റിലും നിരവധി നാശനഷ്ടമാണ് ജില്ലയിൽ ഉണ്ടായത്. ഇളങ്കാവ് ദേവീക്ഷേത്ര പരിസരത്തുണ്ടായ കാറ്റിൽ കൂറ്റൻ മരം കടപുഴകി വീണു. ഒന്നര വർഷം മുമ്പ് നിർമിച്ച നടപ്പന്തൽ, കൺവെൻഷൻ പന്തൽ എന്നിവ തകർന്നു. പാടശേഖരത്തിലെ മോട്ടോർ പുര തകർന്നു. വൈക്കം വെച്ചൂർ അച്ചിനകം പാടശേഖരത്തിലെ മോട്ടോർ പുരയുടെ മേൽക്കൂര കാറ്റിൽ പറന്ന് ആറ്റിൽ പതിച്ചു. ഭിത്തിയും തകർന്നു. ഇതോടെ കൃഷി നശിക്കുമെന്ന ആശങ്കയിലാണ് കർഷകർ. 134 ഏക്കർ പാടശേഖരത്തിൽ കഴിഞ്ഞ ദിവസമാണ് വിത്ത് വിതച്ചത്.
പാലക്കാട്
പാലക്കാട് കുളപ്പുള്ളി തേനൂർ കോട്ടായിയിൽ റോഡിലേക്ക് മരം മുറിഞ്ഞു വീണു. പുലർച്ചെ നാലുമണിയോടെയാണ് സംഭവം. മങ്കര സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തി മരം വെട്ടിമാറ്റി. അട്ടപ്പാടി ചോലകാട്ടിൽ വീടിന് മുകളിൽ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണു. ചോലകാട് സ്വദേശിനി ലീലാമ്മയുടെ വീടിൻ്റെ മുകളിലാണ് ഇന്നലെ രാത്രിയോടെ പോസ്റ്റ് വീണത്. മരം റോഡിൽ വീണതോടെ താവളം മുള്ളി റോഡ് ഗതാഗതം തടസപ്പെട്ടു. അട്ടപ്പാടിയിൽ കനത്ത മഴയിൽ ഭവാനിപ്പുഴ കരകവിഞ്ഞു. ഇതോടെ താവളം പാലം വെള്ളത്തിനടിയിലായി. ആനക്കല്ലിൽ മരം വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നിട്ടുണ്ട്.
ആലപ്പുഴ
കുട്ടനാട് എടത്വയിലുണ്ടായ ശക്തമായ കാറ്റിൽ മരം വീണു വീട് ഭാഗികമായി തകർന്നു. എടത്വയിൽ ബാലൻ നായരുടെ വീടാണ് തകർന്നത്.
പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ആർക്കും പരുക്കില്ല.
കൊച്ചി
എറണാകുളത്ത് ശക്തമായ മഴയിലും കാറ്റിലും അങ്കമാലി, കൊച്ചി, തൃപ്പൂണിത്തുറ, മരട് എന്നിവിടങ്ങളിൽ റോഡിലേക്ക് മരങ്ങൾ വീണു. പറവൂരിൽ 2 വീടുകൾ ഭാഗികമായി തകർന്നു. ആലുവ ശിവക്ഷേത്രം പൂർണ്ണമായും വെള്ളത്തിനടിയിലായി. പെരിയാറിന് കുറുകെയുള്ള ആലുവ തുരുത്ത് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ ആളെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. ഏകദേശം 60 വയസ് തോന്നിക്കുന്ന തട്ടാംപടി സ്വദേശിയാണ് പാലത്തിൽ നിന്നും രാവിലെ 7 മണിയോടെ പുഴയിലേക്ക് ചാടിയത്. ശക്തമായ ഒഴുക്കിൽ മുളയിൽ പിടിച്ച് കിടന്നയാളെ വഞ്ചിയിലെത്തിയാണ് രക്ഷപ്പെടുത്തിയത്.
തൃശൂർ
തൃശൂർ ചാലക്കുടിയിൽ റെയിൽവേ അണ്ടർ പാസേജ് വെള്ളത്തിനടിയിലായി. ജാഗ്രത നിർദേശം അവഗണിച്ച് പാസേജ് കടക്കാൻ നോക്കിയ ലോറി കുടുങ്ങി. രാവിലെ ഏഴ് മണിയോടെയാണ് ലോറി അണ്ടർ പാസേജിനടിയിൽ കുടുങ്ങിയത്.
വയനാട്
വയനാട് നൂൽപ്പുഴ കരകവിഞ്ഞൊഴുകി. കോളനിയിൽ വെളളം കയറിതിനെ തുടർന്ന് പുത്തൂർ കോളനിയിലെ 5 കുടുംബങ്ങളെ സമീപത്തെ ക്ലബ്ബിലേക്ക് മാറ്റി. ശക്തമായ മഴയിൽ മുത്തങ്ങ രാംപള്ളിയിലെ സജീവൻ്റെ വീടിനു മുകളിൽ മരം വീണു. ഇന്ന് പുലർച്ചെയാണ് അപകടം. ആർക്കും പരിക്കില്ല. ചൂരൽമല വെള്ളരിമലയിൽ വീടിനു മുകളിൽ കവുങ്ങ് വീണു. ശാരദയുടെ വീടിന് മുകളിലേക്കാണ് കവുങ്ങ് മറിഞ്ഞു വീണത്. അപകടത്തിൽ പരുക്കേറ്റ സ്ത്രീയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. വീടിനു നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ചെട്ടിയാലത്തൂർ കണിയാരത്ത് പണിയ നഗറിൽ വെള്ളം കയറിയതോടെ മൂന്നു കുടുംബങ്ങളെ സമീപത്തെ അംഗനവാടിയിലേക്ക് മാറ്റി പാർപ്പിച്ചു.
മലപ്പുറം
മലപ്പുറം എടവണ്ണപ്പാറയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് മുന്നിലേക്ക് മരം കടപുഴകി വീണു. ബസ് ഡ്രൈവർക്ക് സാരമായ പരുക്കേറ്റു. മരം മുറിച്ചുമാറ്റാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. കുന്നുമ്മൽ താമരക്കുഴിയിൽ മിനി ലോറിക്കു മുകളിലേക്ക് മരം വീണു. വാഹനത്തിൽ കുടിങ്ങിയ രണ്ട് പേരെയും രക്ഷപ്പെടുത്തി.
കണ്ണൂർ
കണ്ണൂരില്‍ വെള്ളക്കെട്ടിൽ വീണ് സ്ത്രീ മരിച്ചു. മട്ടന്നൂരിനടുത്ത് കുംഭം മൂലയിൽ വീടിനടുത്തെ വെള്ളക്കെട്ടിൽ വീണാണ് അപകടം. കോളാരി സ്വദേശി കുഞ്ഞാമിനെയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആണ് കുഞ്ഞാമിന വീടിനടുത്തുള്ള വെള്ളക്കെട്ടിൽ വീണത്. കണ്ണൂർ -കക്കാട് പുഴ കരകവിഞ്ഞൊഴുകി. കക്കാട് -മുണ്ടയാട് റോഡിൽ വെള്ളം കയറിതായാണ് വിവരം.
പത്തനംതിട്ട
പത്തനംതിട്ട മല്ലപ്പള്ളി താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. വെണ്ണിക്കുളം സെൻ്റ് ബെഹനാൻസ് സ്കൂളിലാണ് ക്യാമ്പ് ആരംഭിച്ചത്. രണ്ട് കുടുംബത്തിലെ ആറ് അംഗങ്ങൾ നിലവിൽ ക്യാമ്പിലുണ്ട്.
തിരുവനന്തപുരം
തിരുവനന്തപുരം വിതുര ബോണക്കാട് റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. വിതുര ഫയർഫോഴ്സ് എത്തി മരം മുറിച്ച് മാറ്റുന്നു.