മേഘാലയയിൽ കനത്തമഴ തുടരുന്നു; വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പത്ത് മരണം

വെള്ളിയാഴ്‌ച അർധരാത്രി മുതൽ നിർത്താതെ മഴ പെയ്തതോടെയാണ് പടിഞ്ഞാറൻ ഗാരോ കുന്നുകളിലെ ദാലു മേഖലയിലും പ്ലെയിൻ ബെൽറ്റ് പ്രദേശങ്ങളിലും വെള്ളപൊക്കമുണ്ടായത്
മേഘാലയയിൽ കനത്തമഴ തുടരുന്നു; വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പത്ത് മരണം
Published on

മേഘാലയയിൽ കഴിഞ്ഞ ദിവസമുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 10 പേർ മരിച്ചതായി റിപ്പോർട്ട്. സംസ്ഥാനത്തെ പടിഞ്ഞാറൻ ഗാരോ ഹിൽസ് ജില്ലയിലെ ദാലുവിൽ വെള്ളപ്പൊക്കത്തിൽ മൂന്ന് പേരും, സൗത്ത് ഗാരോ ഹിൽസ് ജില്ലയിലെ ഹതിയാസിയ സോങ്മ ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലിൽ ഏഴ് പേരും മരിച്ചതായി മേഘാലയ സർക്കാർ അറിയിച്ചു.

മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മ ഇന്ന് വെള്ളപ്പൊക്ക സാഹചര്യം അവലോകനം ചെയ്യുകയും ദുരിതബാധിതരെ സഹായിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു. വെള്ളിയാഴ്‌ച അർധരാത്രി മുതൽ നിർത്താതെ മഴ പെയ്തതോടെയാണ് പടിഞ്ഞാറൻ ഗാരോ കുന്നുകളിലെ ദാലു മേഖലയിലും പ്ലെയിൻ ബെൽറ്റ് പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായത്. പ്രദേശത്ത് പലയിടങ്ങളിലും പാലങ്ങൾ ഒലിച്ചുപോയി. തെക്ക്, പടിഞ്ഞാറൻ ഗാരോ കുന്നുകളെയാണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ചത്.

ഒന്നിലധികം മണ്ണിടിച്ചിലുണ്ടായതോടെ ദാലുവിൽ നിന്ന് ബാഗ്‌മാരയിലേക്കുള്ള റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. മേഖലയിലെ റോഡ് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ബദൽ റൂട്ടുകൾ കണ്ടെത്തുന്നതിന് മുഖ്യമന്ത്രി ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരുമായി നിരന്തരം ആശയവിനിമയം നടത്തണമെന്നും മുഖ്യമന്ത്രി ഭരണകൂടത്തോട് ആവശ്യപ്പെട്ടു. നിലവിൽ പ്രദേശത്ത് എൻഡിആർഎഫ് നടത്തുന്ന രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com