മേഘാലയയിൽ കനത്ത മഴ തുടരുന്നു; മരണ സംഖ്യ 15 ആയി ഉയർന്നു

എന്‍ഡിആർഎഫ്, എസ്‌ഡിആർഎഫ് സംഘങ്ങളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്
മേഘാലയയിൽ കനത്ത മഴ തുടരുന്നു; മരണ സംഖ്യ 15 ആയി ഉയർന്നു
Published on

മേഘാലയയിൽ കനത്ത മഴ തുടരുന്നു. വെള്ളപൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ച അഞ്ച് പേരുടെ മൃതദേഹം കൂടി ഇന്നലെ കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 15 ആയി.

മേഘാലയിലെ വെസ്റ്റ് ഗാരോ ഹിൽസിലെ ദാലു മേഖലയിലും സൗത്ത് ഗാരോ ഹിൽസിലെ ഗാസുവ പര മേഖലയിലുമാണ് കനത്ത മഴ നാശം വിതച്ചത്. സൗത്ത് ഗാരോ ഹിൽസിലെ ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം ഏഴ് പേരാണ് മരിച്ചത്. ഇതിൽ ആറു പേരുടെ മൃതദേഹം കണ്ടെടുത്തു.

Also Read: അകൽച്ച ഇല്ലാതാക്കാൻ മാലിദ്വീപ് പ്രസിഡൻ്റ് ഇന്ത്യയിലെത്തി; മോദിയുമായി കൂടിക്കാഴ്ച നടത്തും

ദിമപാറ പാലത്തിന് സമീപം കാർ ഒഴുക്കിൽപ്പെട്ട് കാണാതായ അച്ഛൻ്റെയും മകൻ്റെയും മൃതദേഹവും കണ്ടെത്തി. ഇതോടെ പേമാരിയിൽ മരണപ്പെട്ടവരുടെ എണ്ണം 15 ആയി ഉയർന്നു. എന്‍ഡിആർഎഫ്, എസ്‌ഡിആർഎഫ് സംഘങ്ങളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മഴ കനത്തതോടെ പല പ്രദേശങ്ങളും വെള്ളത്തിലാണ്. ഇതോടെ ജനജീവിതം താറുമാറായിരിക്കുകയാണ്.

58ഓളം വീടുകൾ പൂർണമായി തകർന്നു. റോഡുകളും പാലങ്ങളും തകർന്ന നിലയിലാണ്. ദാലുവിലെ മൂന്ന് പാലങ്ങൾ ഒലിച്ചു പോയി. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ കോൺക്രീറ്റ് പാലം ഉൾപ്പെടെ ഭാഗികമായി തകർന്നു. ദുരന്തബാധിത പ്രദേശത്തു നിന്നും നിരവധി പേരെ മാറ്റി പാർപ്പിച്ചു. മുഖ്യമന്ത്രി കോൺറാഡ് സാങ്മ സംസ്ഥാനത്തെ സാഹചര്യങ്ങൾ വിലയിരുത്താന്‍ അവലോകന യോഗം ചേർന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com