മുംബൈയിലും പൂനെയിലും കനത്ത മഴ തുടരുന്നു; ആവശ്യമെങ്കിൽ ആളുകളെ എയർലിഫ്റ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുംബൈയിൽ നാളെ രാവിലെ 8.30 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
മുംബൈയിലും പൂനെയിലും കനത്ത മഴ തുടരുന്നു; ആവശ്യമെങ്കിൽ ആളുകളെ എയർലിഫ്റ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി
Published on

മഹാരാഷ്ട്രയിലെ മുംബൈയിലും പൂനെയിലും കനത്തമഴയെ തുടർന്ന് നഗരങ്ങളിൽ പലയിടത്തും പ്രളയ സമാനമായ അവസ്ഥ. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുംബൈയിൽ നാളെ രാവിലെ 8.30 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മോശം കാലാവസ്ഥ ഇരു നഗരങ്ങളിലെയും വിമാന, ട്രെയിൻ സർവീസുകളെ സാരമായി ബാധിച്ചിട്ടുണ്ട്. മുംബൈയിൽ നിന്നും തിരിച്ചുമുള്ള ഇൻഡിഗോ വിമാന സർവീസുകൾ വൈകുമെന്ന് കമ്പനി അറിയിച്ചു.

എയർ ഇന്ത്യ, സ്പൈസ് ജെറ്റ് എന്നിവയുടെ ചില സർവീസുകളും വൈകുകയും റദ്ദാക്കുകയും ചെയ്തു. എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും 48 മണിക്കൂർ അടച്ചിടുമെന്ന് പൂനെ കളക്ടർ അറിയിച്ചിട്ടുണ്ട്. നഗരത്തിലെ പാലങ്ങൾ വെള്ളത്തിനടിയിലാണ്, ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട് എന്നും കളക്ടർ അറിയിച്ചു.

നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കേറിയതിനെ തുടർന്ന് ആളുകളെ ഒഴിപ്പിച്ചു. ആവശ്യമെങ്കിൽ പൂനെയിൽ മഴക്കെടുതിയിൽ വലയുന്നവരെ വിമാനമാർഗം മാറ്റിപാർപ്പിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അറിയിച്ചു. പൂനെ ജില്ലാ കളക്ടറുമായും നഗരത്തിലെ സിവിൽ ബോഡി മേധാവികളുമായും സംസാരിച്ച് സ്ഥിതിഗതികൾ മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മഴക്കെടുതിയിൽ ഇതുവരെ നാല് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഡെക്കാൻ ജിംഖാന മേഖലയിലെ പുലാച്ചി വാടിയിൽ ഇന്ന് പുലർച്ചെയുണ്ടായ കനത്ത മഴയിൽ വെള്ളത്തിലൂടെ വൈദ്യുതാഘാതമേറ്റ് മൂന്ന് പേർ മരിച്ചിരുന്നു. അതിനിടെ, മാവൽ തഹസിൽദാറിലെ അദർവാഡി ഗ്രാമത്തിൽ ഉണ്ടായ മണ്ണിടിച്ചിലിലും ഒരാൾക്ക് ജീവൻ നഷ്ടമാവുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com