കനത്ത മഴയിൽ മുങ്ങി ഉത്തരേന്ത്യ; പല നഗരങ്ങളും വെള്ളക്കെട്ടിൽ, രാജസ്ഥാനിൽ മഴക്കെടുതികളിൽ 20 മരണം

ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, കിഴക്കൻ ഉത്തർപ്രദേശ്, ജമ്മു കശ്മീർ, ലഡാക്ക്, പഞ്ചാബ്, ചണ്ഡീഗഢ് എന്നിവിടങ്ങളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്
കനത്ത മഴയിൽ മുങ്ങി ഉത്തരേന്ത്യ; പല നഗരങ്ങളും വെള്ളക്കെട്ടിൽ, രാജസ്ഥാനിൽ മഴക്കെടുതികളിൽ 20 മരണം
Published on


രാജസ്ഥാനിൽ തുടരുന്ന കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 20 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. രണ്ടു ദിവസമായി സംസ്ഥാനത്ത് ശക്തമായ മഴയാണ് പെയ്യുന്നത്. നഗരത്തിലെ പലയിടങ്ങളും ഇതോടെ വെള്ളത്തിനടിയിലായി. മഴ കനത്ത സാഹചര്യത്തിൽ ജയ്പൂർ, ജയ്പൂർ റൂറൽ, ദൗസ, കരൗലി, സവായ് മധോപൂർ, ഗംഗാപൂർ, ഭരത്പൂർ എന്നിവിടങ്ങളിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തെ ചില ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങളും ശക്തിപ്പെടുത്തുന്നുണ്ടെന്നും, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംസ്ഥാനഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.

ഹരിയാനയിൽ പെയ്ത ശക്തമായ മഴയിൽ ഗുരുഗ്രാം നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമായി. ഗുരുഗ്രാം- ഡെൽഹി എക്സ്പ്രസ് വേ ഉൾപ്പെടെ നഗരത്തിലെ പ്രധാന റോഡുകളെയെല്ലാം മഴ സാരമായി ബാധിച്ചു. ഗുരുഗ്രാം സെക്ടർ അഞ്ചിലും അംബാല നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലുമുണ്ടായ വെള്ളക്കെട്ടിൽ ജനജീവിതം ദുസഹമായി.

കഴിഞ്ഞ ദിവസം പെയ്ത മഴയിൽ പഞ്ചാബിലെ ജലന്ധറിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മൊഹാലി, ലുധിയാന, അമൃത്‌സർ, രൂപ്‌നഗർ എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിച്ചു. ജമ്മു കശ്മീരിലെ പൂ‍ഞ്ചില്‍ അമര്‍നാഥ് തീര്‍ഥാടന പാതയിലെ പാലത്തിന്‍റെ അപ്പ്രോച്ച് റോഡ് തകര്‍ന്നു. ദേശീയപാത 144 ല്‍ ഈ പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു.

ഹരിയാനയിൽ ഓഗസ്റ്റ് 14 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, കിഴക്കൻ ഉത്തർപ്രദേശ്, ലഡാക്ക്, പഞ്ചാബ്, ചണ്ഡീഗഢ് എന്നിവിടങ്ങളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com