
ഉത്തരാഖണ്ഡിൽ ഭീതി വിതച്ച് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഗംഗ, അളകനന്ദ തുടങ്ങി പ്രധാന നദികളിലെ മണ്ണിടിച്ചിലും ശക്തമായ വെള്ളപ്പാച്ചിലും കാരണം നൂറിലധികം റോഡുകൾ അടച്ചിരിക്കുകയാണ്. ദേശീയ പാതകള്‍ പലയിടങ്ങളിലും തകർന്നിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ജൂൺ 25 മുതൽ ആദി കൈലാഷ് യാത്ര താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്.
ജൂൺ 29 നാണ് ഉത്തരാഖണ്ഡിൽ ശക്തമായ മഴ തുടങ്ങിയത്. ജൂലൈ 10 വരെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. ചമോലി, രുദ്രപ്രയാഗ്, പൗരി ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യത. ഡെറാഡൂൺ, തെഹ്‌രി, ഹരിദ്വാർ, ഉത്തരകാശി ജില്ലകളിലും കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കുമയൂൺ മേഖലയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും അതിശക്തമായ മഴ പെയ്തേക്കും.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലാ അധികാരികളോട് ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി നിർദേശിച്ചു. ജനങ്ങളോട് സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ജൂലൈ 13 വരെ ജമ്മു കശ്മീരിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.