
ഗുജറാത്തില്‍ വിവിധ പ്രദേശങ്ങളില്‍ വീണ്ടും മഴ ശക്തമായി. സംസ്ഥാനത്തിന്‍റെ വടക്കന്‍ പ്രദേശങ്ങളിലാണ് രാവിലെയോടെ വീണ്ടും മഴ ശക്തമായത്. ഇതോടെ രണ്ട് ജില്ലകളില്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ദേശീയ ദുരന്ത നിവാരണ പ്രതിരോധ സേനയെ വിന്യസിച്ചു.കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴ തുടരുന്നതോടെ ഗുജറാത്തിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
ഇന്ന് രാവിലെയോടെ സംസ്ഥാനത്തെ വടക്കൻ പ്രദേശങ്ങളിലും മഴ ശക്തി പ്രാപിച്ചു. വ്യാഴാഴ്ച ഉച്ചവരെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ 24 മണിക്കൂരിനിടെ ബനസ്കന്ത ജില്ലയിൽ 8 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. പാലൻപൂരിലും വദ്ഗാമിലും രണ്ട് മണിക്കൂറിനുള്ളിൽ രണ്ട് മില്ലി മീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ഇത് അതീവ ഗുരുതരമായ സാഹചര്യമാണെന്നാണ് വിലയിരുത്തുന്നത്.
മഴ കനത്തതോടെ പാലൻ പൂരിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഇതോടൊപ്പം ബറൂച്ചിലെ ഹൻസോട്ട് പ്രദേശങ്ങളിലെ നിരവധി ഗ്രാമപ്രദേശങ്ങൾ മുങ്ങി. ഹാൻസോട്ട് പ്രദേശത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2 മില്ലിമീറ്റർ മഴയാണ് പെയ്തത്. രാവിലെ മുതൽ പ്രദേശത്ത് മേഘാവൃതമായ കാലാവസ്ഥയായിരുന്നു. തുടർച്ചയായി ശക്തി കുറഞ്ഞ മഴയാണ് പ്രദേശത്ത് പെയ്യുന്നത്. കഴിഞ്ഞ നാല് മണിക്കൂറിനുള്ളിൽ 44 താലൂക്കുകളിലാണ് മഴ ശക്തമായത്.
ദന്ത, നർമ്മദ, വദ്ഗാം, നന്തോടി, വംഗരി പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. രണ്ട് ദിവസമായി സംസ്ഥാനത്ത് മഴ കനത്തതോടെ ഗുജറാത്തിലെ നഗര പ്രദേശങ്ങളിലും വെള്ളം കയറി. ഇത് വലിയ വെള്ളക്കെട്ടിനും ഗതാഗത കുരുക്കിനും കാരണമായിട്ടുണ്ട്. ഇതോടെ വൽസാദിലെ പ്രധാന അണ്ടർ പാസുകളും, ഹെെവേകളും അടച്ചിരുന്നു. ജുനഗഡ് ജില്ലയിലെ 30 ഓളം ഗ്രാമങ്ങളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. വന്താലി ജില്ലയിൽ 24 മണിക്കൂറിനിടെ 361 മില്ലിമീറ്റർ മഴയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. വെള്ളക്കെട്ടിനെ തുടന്ന് വഴികൾ അടഞ്ഞതോടെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനായി ദേശീയ ദുരന്ത പ്രതികരണ സേനയെ വിന്യസിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും കനത്ത മഴയാണ്. കനത്ത മഴയും വെള്ളപ്പൊക്കവും കണക്കിലെടുത്ത് സൗരാഷ്ട്ര, കച്ച്, തെക്കൻ ഗുജറാത്ത് എന്നിവയുടെ വിവിധ ഭാഗങ്ങളിൽ എൻഡിആർഎഫ് പത്ത് ടീമുകളെ വിന്യസിച്ചിട്ടുണ്ട്.