
സംസ്ഥാനത്ത് കാലാവർഷമെത്തിയതോടെ വിവിധ ജില്ലകളിൽ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. കൊല്ലം പുനലൂരിൽ കാറ്റിലും മഴയിലും കൃഷി നാശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടവട്ടം സ്വദേശി മുരളീധരന്റെ അമ്പതോളം വാഴകളാണ് ഒടിഞ്ഞുവീണത്. സമീപത്തെ കൃഷിയിടങ്ങളിലും നാശം സംഭവിച്ചിട്ടുണ്ട്. ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ ഇടവിട്ട് മഴ ശക്തമാണ്.
കോഴിക്കോട് വടകര അഴിയൂരിൽ കിണർ വൃത്തിയാക്കാനിറങ്ങിയാൾ മണ്ണിടിഞ്ഞ് മരിച്ചു. കണ്ണൂർ കരിയാട് പടന്നക്കര സ്വദേശി മുക്കാളിക്കൽ രതീഷ് ആണ് മരിച്ചത്. വയനാട് വൈത്തിരി ചാരിറ്റിയിലുണ്ടായ മണ്ണിടിച്ചിൽ റീട്ടെയിൻ വാൾ തകർന്നു. മണ്ണ് നിറച്ച സ്ഥലത്താണ് ഇടിച്ചിൽ ഉണ്ടായത്. മണ്ണിടിച്ചലിനെ തുടർന്ന് പ്രദേശവാസികൾ ആശങ്കയിലാണ്.
തിരുവനന്തപുരത്തെ ചില ഗ്രാമപ്രദേശങ്ങളിൽ ഇപ്പോഴും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ സാധിച്ചില്ല. പലയിടത്തം വൈദ്യുതി നിലച്ചിട്ട് 12 മണിക്കൂർ പിന്നിട്ടു. പള്ളിപ്പുറം സിആർപിഎഫിന് സമീപം ഒടിഞ്ഞു വീണ പോസ്റ്റുകൾ മാറ്റാൻ സാധിച്ചില്ല. ഈ പ്രദേശത്ത് ഉള്ളവർക്ക് ഇന്നലെ രാത്രി 8 മുതൽ വൈദ്യുതിയില്ലെന്നാണ് പരാതി.
വെങ്ങാനൂരിലെ പല ഭാഗങ്ങളിലും വൈദ്യുതി ലഭ്യമായിട്ടില്ല. നെയ്യാറ്റിൻകര അമരവിള പ്രദേശത്തും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിട്ടില്ല. ജില്ലയിൽ കെഎസ്ഇബി കൺട്രോൾ റൂം തുറന്നിട്ടുണ്ട്. വൈദ്യുതി തടസവും പരാതികളും അപകട സാധ്യതകളും 94960 18377 ഈ നമ്പരിൽ വിളിച്ച് അറിയിക്കാം. നെടുമങ്ങാട് വെങ്കവിളയിൽ മാവ് കടപുഴകി വീണു. 2 ഇലക്ട്രിക് പോസ്റ്റുകളും തകർന്നു. ഒപ്പം വീടിനും ഇരുചക്ര വാഹനത്തിനും കേടുപാട് സംഭവിച്ചിട്ടുണ്ട്.
ശക്തമായ കാറ്റിൽ പാലായിൽ മൊബൈൽ ടവർ തകർന്നു വീണു. സെന്റ് തോമസ് കോളേജ് ലൈബ്രറി കെട്ടിടത്തിൻ്റെ മുകളിൽ നിന്നാണ് ബിഎസ്എൻഎൽ ടവർ നിലംപതിച്ചത്.സിഗ്നൽ ട്രാൻസ്മിഷൻ സംവിധാനങ്ങളും കേബിളുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും തകർന്നിട്ടുണ്ട്. കോളേജിൻ്റെ മുറ്റത്തേയ്ക്ക് പതിച്ചതിനാൽ കോളേജ് കെട്ടിടത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.
തൃശൂർ ജില്ലയിലെ വിവിധ ഇടങ്ങളിൽ ശക്തമായ മഴയാണ് റിപ്പോർട്ട് ചെയ്തത്. തൃശൂർ ഷൊർണൂർ സംസ്ഥാനപാതയിൽ വടക്കാഞ്ചേരി ബ്ലോക്ക് ഓഫീസിന് സമീപം മരം സമീപത്തെ ലോറിയുടെയും ,ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന്റെ മുകളിലേക്കും വീണു. ആർക്കും പരിക്കില്ല. ഗതാഗതം പൂർണമായി സ്തംഭിച്ചു. ഫയർഫോഴ്സിൻ്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി മരങ്ങൾ മുറിച്ചുമാറ്റിയിട്ടുണ്ട്. പുത്തൂർ, കൊളാംകുണ്ട് ഭാഗത്ത് ഇന്നലത്തെ പെയ്ത ശക്തമായ മഴയിൽ മരങ്ങൾ ഒടിഞ്ഞുവീണു. ലൈൻ പൊട്ടി പ്രദേശത്ത് വൈദ്യുതി തടസ്സപ്പെടുകയും ചെയ്തു. പുലർച്ച ഒരു മണിയോടെയായിരുന്നു സംഭവം. കെഎസ്ഇബി ജീവനക്കാർ എത്തി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.
കനത്ത മഴയെത്തുടർന്ന് പത്തനംതിട്ടയിൽ ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും നിയന്ത്രിച്ചിട്ടുണ്ട്. ജില്ലയിൽ പ്രവർത്തിക്കുന്ന ക്വാറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടാണ് ഉള്ളത്. അടുത്ത ബുധനാഴ്ച വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.