
തുടർച്ചയായ നാലാം ദിവസവും മുംബൈയിൽ കനത്ത മഴ. തിങ്കളാഴ്ചയും നഗരത്തിൽ കനത്ത മഴ പെയ്തതോടെപല സബ്‌വേകളും റോഡുകളും വെള്ളത്തിനടിയിലായി. ലോക്കൽ ട്രെയിൻ സർവീസുകളെയും മഴ സാരമായി ബാധിച്ചു. നഗരത്തിൽ കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പുള്ളതിനാൽ ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്നും, മൂന്നു ടീമുകളെ മുംബൈയിൽ മാത്രം വിന്യസിച്ചിട്ടുണ്ടെന്നും ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു. അതേസമയം സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ രണ്ട് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ബുധനാഴ്ച വരെ മുംബൈയിലും കൊങ്കണിലും താനെയിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കനക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അടിയന്തര ഘട്ടങ്ങളിൽ പൊലീസിൻ്റെ സഹായം തേടണമെന്നും നിർദ്ദേശം ഉണ്ട്. തീരപ്രദേശങ്ങളിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും പെയ്ത കനത്ത മഴയിൽ നഗരത്തിന്റെ പലഭാഗങ്ങളും വെള്ളക്കെട്ടിലായിരുന്നു. വിമാന സർവീസുകൾ പലതും വഴിതിരിച്ച് വിടുകയും ചെയ്തിരുന്നു.
അതേസമയം 2024 ജൂലൈ 21-ന് ബുക്ക് ചെയ്ത യാത്രയുടെ മുഴുവൻ റീഫണ്ടും അല്ലെങ്കിൽ ഒറ്റത്തവണ കോംപ്ലിമെൻ്ററി റീഷെഡ്യൂളിംഗും എയർ ഇന്ത്യ വാഗ്‌ദാനം ചെയ്തിട്ടുണ്ട്. നിലവിലെ മോശം കാലാവസ്ഥ മുംബൈയിലേക്കും തിരിച്ചുമുള്ള വിമാനങ്ങളെ ബാധിച്ചേക്കുമെന്നും വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും ഇൻഡിഗോയും യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.