
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി. ട്യൂഷൻ സെൻ്ററുകൾക്കും അവധി ബാധകമാണ്.
പാലക്കാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന അംഗനവാടി, മദ്രസ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ ഇതുവരെ 42 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്ന് പ്രവർത്തിക്കുന്നത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്നും നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും നിന്ന് ആളുകൾ മാറി താമസിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ള ആളുകൾ രാത്രിയ്ക്ക് മുമ്പ് ക്യാമ്പുകളിലേക്ക് മാറണമെന്നും നിർദേശമുണ്ട്.
സംസ്ഥാനത്ത് എട്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ട് തുടരും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.