
കഴിഞ്ഞ 24 മണിക്കൂറിൽ കാലവർഷ സീസണിലെ ഏറ്റവും വലിയ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്.കനത്ത മഴയിൽ സംസ്ഥാനത്തൊട്ടാകെ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. വരുന്ന മൂന്ന് ദിവസവും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മഴ ശക്തമായതോടെ എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്,ആലപ്പുഴ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
ആലപ്പുഴ ആറാട്ടുവഴിയിൽ അയൽവാസിയുടെ മതിൽ ഇടിഞ്ഞു വീണ് വിദ്യാർഥി മരിച്ചു. അന്തോക്ക് പറമ്പിൽ അലിയുടെയും ഹസീനയുടെയും മകൻ അൽ ഫയാസാണ് മരിച്ചത്. ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് തിരിച്ച് പോകുമ്പോഴാണ് അപകടം. ലക്ഷദ്വീപിലെ കവരത്തിയിൽ മരം കടപുഴകി വീണു. സൈക്കിൾ യാത്രികൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
വിവധയിടങ്ങളിൽ മണ്ണിടിഞ്ഞും മരം വീണും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. പെരുമ്പാവൂർ ഇളമ്പകപ്പിള്ളിയിൽ മണ്ണിടിച്ചിലുണ്ടായി. നൂറടിയോളം ഉയരമുള്ള വലിയ കുന്നിൻ്റെ ഒരു ഭാഗമാണ് ഇടിഞ്ഞത്. സംഭവത്തിൽ ആളപായമില്ല. മഴ ശക്തമാവുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ ഭീതിയിൽ കഴിയുകയാണ് പ്രദേശവാസികൾ. കനത്തമഴയിൽ ഗുരുവായൂർ കോട്ടപ്പടി പള്ളിക്കടുത്ത് റോഡരികിൽ നിന്നിരുന്ന കെട്ടിടം നിലം പൊത്തി. വർഷങ്ങളായി നാശാവസ്ഥയിലായിരുന്ന കെട്ടിടമാണ് ഇന്ന് രാവിലെ പൊളിഞ്ഞുവീണത്. ഏലപ്പാറ ബോണാമിയിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു.
ഇടുക്കി, മൂന്നാർ മേഖലകളിൽ മഴ കനത്തതോടെ പാംബ്ല ഡാമിൻ്റെ ഷട്ടറുകൾ തുറന്നു. കല്ലാർകുട്ടി ഡാം തുറന്ന് വെള്ളം പുറത്തേക്കൊഴുക്കുകയാണ്. പെരിയാർ തീരത്ത് കർശന ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പത്തനംതിട്ട മൂഴിയാർ ഡാമിലെ ജലനിരപ്പ് റെഡ് അലേർട്ട് ലെവലിൽ തുടരുന്നതിനാൽ ഡാം ഷട്ടറുകൾ ഉയർത്തിയേക്കാം. ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കക്കാട്ടാറിന്റെ വൃഷ്ടി പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും മുന്നറിയിപ്പ്.
അതേസമയം ശക്തമായ മഴ നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലാ ദുരന്ത നിവാരണ സമിതിയുടെ നിർദേശ പ്രകാരം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു. വയനാട് ജില്ലയിലെ സർക്കാർ, സ്വകാര്യ മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും നാളെ പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ചു കൊണ്ടുള്ള ജില്ലാ കളക്ടർ ഉത്തരവ് വന്നിട്ടുണ്ട്.