
ശക്തമായ മഴയിൽ പാലക്കാട് പട്ടാമ്പി കിഴായൂർ നമ്പ്രം പ്രദേശവും ഒറ്റപ്പെട്ടു. മഴ തുടർന്നാൽ പട്ടാമ്പി പാലത്തിൽ വെള്ളം കയറാനും സാധ്യതയുണ്ട്. റോഡിലൂടെ വലിയ രീതിയിലുള്ള കുത്തൊഴുക്ക് അനുഭവപ്പെടുന്നുണ്ട്. ജില്ലയിലെ ചുരം റോഡുകളിലൂടെയുള്ള യാത്രക്കും വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണം ഏർപ്പെടുത്തി.
നെല്ലിയാമ്പതി ചുരം, അട്ടപ്പാടി ചുരം റോഡുകളിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. ജില്ലയിലെ വെള്ളച്ചാട്ടങ്ങളിലേക്ക് വിനോദ സഞ്ചാരികൾക്കുള്ള പ്രവേശനം വെള്ളിയാഴ്ച വരെ നിരോധിച്ചു. കോഴിക്കോട് ഉരുൾപൊട്ടലിൽ വിലങ്ങാട് വായാട് കോളനി പൂർണമായി ഒറ്റപെട്ടു. രക്ഷാപ്രവർത്തകർക്ക് സംഭവസ്ഥലത്തേക്ക് എത്തിച്ചേരാൻ സാധിക്കുന്നില്ല. 60 കുടുംബങ്ങളാണ് ഒറ്റപ്പെട്ടു കിടക്കുന്നത്. കുടുങ്ങിയവരിൽ ഗർഭിണികളും കുട്ടികളുമുണ്ട്.
വയനാട് ചുരൽമല, മുണ്ടക്കൈയിലെ ഉരുൾ പൊട്ടലിനെ തുടർന്ന് ചാലിയാറിൽ വലിയ തോയിൽ വെള്ളം ഉയരുന്നു.വെള്ളിലമാട് അമ്പിട്ടാൻ പോട്ടി, പോത്തുകല്ല് പോട്ടി, മച്ചിക്കൈ, പനം കയം എന്നിവടങ്ങളിൽ വെള്ളം കയറി. ഇവിടെ ഇരുകരകളിലും താമസിക്കുന്നവരെ ഒഴിപ്പിക്കുകയാണ്. അതേസമയം, പോത്തുകല്ല് മേലേ കുനിപ്പാല ഭാഗത്ത് നിന്ന് 5 വയസ്സ് തോന്നിക്കുന്ന ആൺകുട്ടിയുടെ മൃതശരീരം കിട്ടി.