
കേരളത്തിൽ ഇന്നും അതിശക്ത മഴ മുന്നറിയിപ്പ്. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലീമിറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
അടുത്ത നാല് ദിവസത്തിനുള്ളിൽ മഴ ശക്തമാകും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച രാത്രിയോടെയാണ് ശക്തമായ മഴ. മഴ ശക്തമാകാൻ സാധ്യത ഉള്ളതിനാൽ ജില്ലയിൽ പുഴകളിൽ ഇറങ്ങുന്നതിനടക്കം നിയന്ത്രണണമുണ്ട്. തുഷാരഗിരി, നാരങ്ങാത്തോട്, പതങ്കയം എന്നി പുഴകളില്‍ ഇറങ്ങുന്നതിനും തീരങ്ങളില്‍ പ്രവേശിക്കുന്നതിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുരന്ത നിവാരണ നിയമം 2005 പ്രകാരമാണ് നിരോധനം.
വയനാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എടക്കൽ ഗുഹയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. കുറുവ, കാന്തൻപാറ, പൂക്കോട്, കർളാട് കേന്ദ്രങ്ങളിലെ ബോട്ടിങ്ങും നിർത്തിവെച്ചിട്ടുണ്ട്. പാർക്കുകൾ തുറന്നു പ്രവർത്തിക്കുമെങ്കിലും ജില്ലയിലെ എല്ലാ സാഹസിക വിനോദങ്ങളും ജലവിനോദങ്ങളും കർശനമായി നിരോധിച്ചിട്ടുണ്ട്. അതേസമയം, അടുത്ത 4-5 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.