
ഉത്തരാഖണ്ഡിൽ വൻ ഹിമപാതം. ഉത്തരാഖണ്ഡിൽ ഇന്ത്യ - ചൈന അതിര്‍ത്തി മേഖലയിലെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍റെ ക്യാമ്പിന് സമീപമാണ് വൻ ഹിമപാതമുണ്ടായത്. ഹിമപാതത്തെ തുടർന്ന് റോഡ് നിർമാണത്തിലേർപ്പെട്ട 57 തൊഴിലാളികൾ മഞ്ഞിൽ കുടുങ്ങി. 16 പേരെ ഇതുവരെ രക്ഷപ്പെടുത്തി.
ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ക്യാമ്പിലെ തൊഴിലാളികൾ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവരെ രക്ഷപ്പെടുത്താനുള്ള ദൗത്യം പുരോഗമിക്കുകയാണ്. ബദ്രിനാഥിന് അപ്പുറത്തുള്ള മാന എന്ന ഗ്രാമത്തിലാണ് ഹിമപാതമുണ്ടായത്. റോഡ് നിര്‍മാണത്തിന് എത്തിയ തൊഴിലാളികളാണ് കുടുങ്ങിയത്. ഹിമപാതത്തെ തുടര്‍ന്ന് റോഡ് ഗതാഗതം തടസപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ സഹായം തേടിയിട്ടുണ്ട്. നിലവിൽ എസ്‍ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് സംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
സംഭവത്തിൽ പ്രതികരിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ദാമി അപകടത്തിൽ പ്രതികരിച്ചു. ഐടിബിപി, ബിആർഒ തുടങ്ങിയ സന്നദ്ധ സേനകൾ രക്ഷാപ്രവർത്തനം നടത്തുണ്ടെന്ന് പുഷ്കർ സിങ് ദാമി അറിയിച്ചു. തൊഴിലാളികൾക്കായി പ്രാർഥിക്കുന്നുവെന്നും മുഖ്യമന്ത്രി എക്സിൽ കുറിച്ചു.
നേരത്തെ ഫെബ്രുവരി 28ന് ഹിമപാതമുണ്ടായേക്കുമെന്ന് ലാഹോൾ, സ്പിതി പൊലീസ് മുന്നറിയിപ്പ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിനോദ സഞ്ചാരികളോടും പ്രദേശവാസികളോടും ജാഗ്രത പാലിക്കണമെന്നും നോട്ടീസിൽ സൂചിപ്പിച്ചിരുന്നു. പ്രദേശത്ത് കനത്ത മഴയും മലവെള്ളപ്പാച്ചിലും ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.