
കാലാവസ്ഥ വകുപ്പിൻ്റെ കണക്കനുസരിച്ച് ഡൽഹിയിൽ 24 മണിക്കൂറിനിടെ പെയ്തത് 228 മില്ലിമീറ്റർ മഴ. ഇതോടെ ഡൽഹി - എംസിആറിൽ വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതക്കുരുക്കിന് കാരണമായി. ഐടിഒ പോലുള്ള സ്ഥലങ്ങളിൽ രണ്ടോ മൂന്നോ അടിയോളം വെള്ളം പൊങ്ങിയതാണ് ഗതാഗതക്കുരുക്കിന് കാരണമായത്.
1936ൽ ഇതേമാസം 24 മണിക്കൂറിനിടെ ഡൽഹിയിൽ മാത്രം ലഭിച്ചത് 235.5 മില്ലിമീറ്റർ മഴയായിരുന്നു. ഇതിനു ശേഷം പെയ്ത ഏറ്റവും ഉയർന്ന മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്. സാധാരണ ഗതിയിൽ, 80.6 മില്ലിമീറ്റർ മഴയാണ് ലഭിക്കുക. ഇതോടെ 88 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്താണ് ഡൽഹി - എംസിആർ വെള്ളത്തിൽ മുങ്ങിയത്.
അതേസമയം, കടുത്ത ഉഷ്ണതരംഗം നേരിടുന്ന ഡൽഹിക്ക് ആശ്വാസമായാണ് ഇത്തവണ മഴയെത്തിയത്. ഇന്ന് കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. 24.7 ഡിഗ്രി സെൽഷ്യസാണ് താപനില. സാധാരണയിൽ നിന്ന് 3.2 ഡിഗ്രി കുറവാണത്.
ജൂൺ 18ന് ഡൽഹി മേയർ ഷെല്ലി ഒബ്റോയ് മൺസൂണിനെ വരവേൽക്കാൻ നഗരം ഒരുങ്ങിയെന്ന് പറഞ്ഞിരുന്നു. നഗരത്തിലെ അഴുക്കുചാലുകൾ വൃത്തിയാക്കുമെന്നും അവർ ഉറപ്പു നൽകിയിരുന്നു. എന്നാൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പട്ടതോടെ പ്രദേശവാസികള്‍ കുരുക്കിലായി. മാണ്ഡി ഹൗസിലേക്കുള്ള ഹനുമാൻ ടെമ്പിൾ ഇൻ്റർസെക്‌ഷൻ മൂന്നടി വെള്ളത്തിനടിയിൽ മുങ്ങിയതിനാൽ അശോക റോഡ്, ഫിറോസ് ഷാ റോഡ്, കൊണാട്ട് പ്ലേസ് എന്നിവിടങ്ങളിൽ റോഡ് അടച്ചു പൂട്ടേണ്ടി വന്നു. ഡൽഹിയിലെ മൂൽചന്ദിലും മറ്റ് പ്രദേശങ്ങളിലും സമാനമായ അവസ്ഥകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.