ട്രംപിന്‍റെ സ്ഥാനാരോഹണത്തിന് പഴുതടച്ച സുരക്ഷാ സംവിധാനങ്ങൾ; യുഎസ് അതീവജാഗ്രതയിൽ

നിർണായക പൊതുപരിപാടികള്‍ നടക്കാനിരിക്കുന്ന ജനുവരിയില്‍ ഫെഡറൽ, സ്റ്റേറ്റ്, ലോക്കൽ സംവിധാനങ്ങള്‍ ഒന്നിച്ച് സുരക്ഷ കടുപ്പിക്കുകയാണ്
ട്രംപിന്‍റെ സ്ഥാനാരോഹണത്തിന് പഴുതടച്ച സുരക്ഷാ സംവിധാനങ്ങൾ; യുഎസ് അതീവജാഗ്രതയിൽ
Published on

പുതുവത്സരദിന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് അമേരിക്ക. നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ സ്ഥാനാരോഹണമടക്കം, നിർണായക പൊതുപരിപാടികള്‍ നടക്കാനിരിക്കുന്ന ജനുവരിയില്‍ ഫെഡറൽ, സ്റ്റേറ്റ്, ലോക്കൽ സംവിധാനങ്ങള്‍ ഒന്നിച്ച് സുരക്ഷ കടുപ്പിക്കുകയാണ്.

ന്യൂ ഓർലിയന്‍സില്‍ 15 പേർ കൊല്ലപ്പെട്ട ആക്രമണത്തില്‍, പ്രതിയുടെ ഭീകരവാദബന്ധം സ്ഥിരീകരിച്ചതോടെ വരും ദിനങ്ങളില്‍ സമാന ആക്രമണങ്ങള്‍ക്കുള്ള സാധ്യതകള്‍ എഫ്‌ബിഐ മുന്നില്‍ കണ്ടിരുന്നു. അതേദിവസം, ലാസ് വേഗസിൽ ട്രംപ് ഹോട്ടലിനു മുന്നില്‍ ടെസ്ല ട്രക്ക് പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ട സംഭവവുമായി ഓർലിയന്‍സിലെ ആക്രമണത്തിന് ബന്ധമുണ്ടോ എന്ന് അന്വേഷണം നടന്നെങ്കിലും ഇരു സംഭവങ്ങളും തമ്മില്‍ ബന്ധം കണ്ടെത്തിയില്ല. അപകടത്തില്‍ കൊല്ലപ്പെട്ട മുന്‍ സെെനിക ഉദ്യോഗസ്ഥന്‍ മാനസിക പ്രശ്നങ്ങള്‍ നേരിട്ടിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ക്ക് ട്രംപുമായി യാതൊരു വെെരാഗ്യവുമില്ലായിരുന്നു എന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

എന്നാല്‍ വരും ദിനങ്ങളില്‍ ട്രംപിന്‍റെ സ്ഥാനാരാഹോണ ചടങ്ങ് അടക്കം നിർണായക പൊതുപരിപാടികളാണ് കാപിറ്റോള്‍ നഗരമായ വാഷിംഗ്ടണില്‍ നടക്കാനിരിക്കുന്നത്. ലോകനേതാക്കളടക്കം വിഐപികളുടെ നിരയെത്താന്‍ പോകുന്ന ചടങ്ങില്‍ ഒരു വിധത്തിലുമുള്ള സുരക്ഷാ വീഴ്ചകളുമുണ്ടാകാതെ പഴുതടയ്ക്കാനാണ് ഫെഡറൽ, സ്റ്റേറ്റ്, ലോക്കൽ സേനകളുടെ മുന്നൊരുക്കം. ചരിത്രത്തിലാദ്യമായി ദേശീയ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരമാണ് സ്ഥാനാരോഹണ ചടങ്ങ് നടക്കാൻ പോകുന്നത്.

ഡിസംബർ 29ന് അന്തരിച്ച മുന്‍ പ്രസിഡന്‍റ് ജിമ്മി കാർട്ടറിന്‍റെ അന്തിമ സംസ്കാരചടങ്ങുകള്‍ ജനുവരി 9നാണ് നിശ്ചയിച്ചിരിക്കുന്നത്. അതിനു മുന്‍പ് ജനുവരി 6ന് ട്രംപിന്‍റെ പ്രസിഡന്‍റ് പദവി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടും. നാല് വർഷം മുന്‍പ് തെരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ച് ട്രംപ് അനുകൂലികള്‍ നടത്തിയ കുപ്രസിദ്ധ കാപിറ്റോള്‍ ആക്രമണത്തിന്‍റെ വാർഷികദിനം കൂടിയാണ് അന്ന്. ജനുവരി 20ലെ ചടങ്ങിന് മുന്‍പ് 19ന്, ക്യാപിറ്റൽ വൺ അരീനയിൽ റിപബ്ലിക്കന്‍സ് പദ്ധതിയിട്ടിരിക്കുന്ന വിക്ടറി റാലിയും കനത്ത സുരക്ഷയിലായിരിക്കും. സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നഗരത്തിലുടനീളം സുരക്ഷ വർദ്ധിപ്പിച്ചതായി വാഷിംഗ്ടണ്‍ പൊലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന എന്‍ബിഎ ബാസ്കറ്റ്ബോള്‍ മത്സരങ്ങളില്‍ നഗരത്തിലെ വർധിച്ച പൊലീസ് സാന്നിധ്യം പ്രത്യക്ഷമായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com