
ഉത്തരാഖണ്ഡിലെ കേദാർനാഥിൽ നിന്ന് അറ്റകുറ്റപ്പണികൾക്കായി എയർ ലിഫ്റ്റ് ചെയ്യവെ ഹെലികോപ്റ്റർ കയർ പൊട്ടി താഴേക്ക് പതിച്ചു. ലിഞ്ചോളിയിലെ മന്ദാകിനി നദിയിലേക്ക് വീണ ഹെലികോപ്റ്റർ പാടെ തകർന്നിട്ടുണ്ട്. ഹെലികോപ്റ്ററിൽ ആരുമില്ലാതിരുന്നതിനാൽ ആളപായമൊന്നുമില്ല. അപകടദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കേദാർനാഥിൽ നിന്ന് അറ്റകുറ്റപ്പണികൾക്കായി എംഐ 17 ചോപ്പറിൻ്റെ സഹായത്തോടെ ഹെലികോപ്റ്റർ ഗൗച്ചർ എയർ സ്ട്രിപ്പിലേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതി. ഇതിനിടെ ഹെലികോപ്റ്ററുകളെ തമ്മിൽ ബന്ധിപ്പിച്ചിരുന്ന കയർപൊട്ടി ഹെലികോപ്റ്റർ താഴേക്ക് പതിക്കുകയായിരുന്നു.അൽപ്പദൂരം പിന്നിട്ടപ്പോൾ തന്നെ ഹെലികോപ്റ്ററിൻ്റെ ഭാരവും കാറ്റും മൂലം MI-17 ഹെലികോപ്റ്ററിന് ബാലൻസ് നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് തരു ക്യാമ്പിന് സമീപം ഹെലികോപ്റ്റർ ഇറക്കേണ്ടി വന്നു. സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്ററാണ് തകർന്നത്.
ഹെലികോപ്റ്ററിൽ യാത്രക്കാരോ ലഗേജുകളോ ഉണ്ടായിരുന്നില്ലെന്നും, രക്ഷാസംഘം സ്ഥലത്തുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സാങ്കേതിക തകരാറിനെ തുടർന്ന് ഇതേ ഹെലികോപ്റ്റർ കേദാർനാഥ് ഹെലിപാഡിന് സമീപം ഈ വർഷം മെയിൽ അടിയന്തരമായി ലാൻഡ് ചെയ്തിരുന്നു.