
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ ആശങ്ക ഉയര്‍ത്തി നടി രഞ്ജിനി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. രഞ്ജിനിക്ക് സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സ്വകാര്യത മാനിക്കുമെന്ന ഉറപ്പിലാണ് ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയതെന്നാണ് രഞ്ജിനിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയിൽ വാദിച്ചത്.
ഏത് രീതിയിലാണ് റിപ്പോര്‍ട്ട് പുറത്ത് വരുന്നതെന്നതിൽ ആശങ്കയുണ്ടെന്നും രഞ്ജിനി കോടതിയെ അറിയിച്ചു. നിലവില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ നിയമ തടസങ്ങളില്ല. കമ്മിറ്റിക്ക് മുന്നിൽ താൻ മൊഴി നൽകിയിട്ടുണ്ടെന്നും തൻ്റെ ഭാഗം കൂട്ടി കേട്ട ശേഷമെ റിപ്പോർട്ട് പുറത്ത് വിടാൻ പാടുള്ളൂ എന്നുമാണ് രഞ്ജിനി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
ഡിവിഷൻ ബെഞ്ചിന്‍റെ തീരുമാനം വന്ന ശേഷം റിപ്പോര്‍ട്ട് പുറത്തുവിടാം എന്നായിരുന്നു സാംസ്കാരിക വകുപ്പിന്‍റെ നിലപാട്. അതേസമയം, ഹർജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ നൽകിയ അപ്പീൽ ഇന്ന് ഉച്ചയ്ക്ക് ഡിവിഷൻ ബെഞ്ച് പരിഗണിക്കും. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാനായിരുന്നു സർക്കാർ തീരുമാനം.
ഇതിനിടെ നടി രഞ്ജിനി ഹൈക്കോടതിയിൽ അപ്പീല്‍ നൽകുകയായിരുന്നു. റിപ്പോർട്ട് പുറത്തുവിടുന്നതിന് കോടതി സ്റ്റേ അനുവദിച്ചില്ലെങ്കിലും നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിൽ തീരുമാനം മാറ്റുകയായിരുന്നു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് നടിയുടെ ഹര്‍ജി പരിഗണിച്ചത്.
റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജി തള്ളിയാണ് സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. 2019ൽ കൈമാറിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതിരുന്നതിനെ തുടർന്ന് മാധ്യമ പ്രവർത്തകർ അടക്കം നൽകിയ അപേക്ഷയിൽ സ്വകാര്യതയെ ബാധിക്കുന്ന ഭാഗം ഒഴിവാക്കി റിപ്പോർട്ട് നൽകാനുള്ള വിവരാവകാശ കമ്മീഷന്‍ ഉത്തരവ് നടപ്പാക്കുമെന്ന് അറിയിച്ച ദിവസമാണ് നിർമാതാവ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത്.
വ്യക്തികളുടെ സ്വകാര്യത പുറത്തു പോവാതിരിക്കാനാവശ്യമായ നിർദേശങ്ങൾ വിവരാവകാശ കമീഷൻ ഉത്തരവിൽ തന്നെ ഉൾപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ റിപ്പോർട്ട് പുറത്തു വിടുന്നതിൽ തെറ്റില്ലെന്ന് ചൂണ്ടിക്കാട്ടി സിംഗിൾബെഞ്ച് ഉത്തരവിടുകയായിരുന്നു. റിപ്പോർട്ട് പുറത്തുവിടാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുവദിച്ചിരിക്കുന്ന സമയപരിധി ഇന്ന് വരെയാണ്. എന്നാൽ ഡിവിഷൻ ബെഞ്ചിൽ നടിയുടെ അപ്പീൽ എത്തിയതിനാൽ ഇനി ഹൈക്കോടതി തീരുമാനത്തിനനുസരിച്ച് ആയിരിക്കും സർക്കാർ റിപ്പോർട്ട് പുറത്തു വിടുക.