
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടി അമല പോൾ. റിപ്പോർട്ട് ഞെട്ടലുണ്ടാക്കിയെന്നും നീതിപൂർവമായ നടപടികൾ പ്രതീക്ഷിക്കുന്നെന്നും നടി പറഞ്ഞു. നിരവധി സ്ത്രീകളുടെ പോരാട്ടത്തിൻ്റെ ഫലമാണ് ഹേമകമ്മിറ്റി റിപ്പോർട്ട്. ഈ സാഹചര്യത്തിൽ AMMAയുടെ നേതൃസ്ഥാനത്തേക്ക് വനിതകൾ വരണമെന്നും അമല പോൾ അഭിപ്രായപ്പെട്ടു.
"ഒരിക്കലും പ്രതീക്ഷിക്കാത്ത ആളുകളെക്കുറിച്ചുള്ള വിവരങ്ങൾ നമ്മൾ അറിഞ്ഞു. ഇപ്പോൾ ഒരു സെൻസേഷണൽ വിഷയമായി പിന്നീട് മറഞ്ഞ് പോകാതെ, റിപ്പോർട്ടിൽ നീതിപൂർവമായ നടപടികളുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു," അമല പോൾ വ്യക്തമാക്കി.
ഒപ്പം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് മമ്മൂട്ടി ഒന്നും പറയാത്തത് സങ്കടകരമാണെന്ന് അഭിപ്രായപ്പെട്ട് ഡബ്ല്യുസിസി സ്ഥാപക അംഗമായ സജിത മഠത്തില്‍ രംഗത്തെത്തി. ഇന്‍ഡസ്ട്രിയില്‍ മാന്യനായ വ്യക്തിയാണ് മോഹന്‍ലാല്‍. സ്ഥിതിഗതികള്‍ മാറ്റാന്‍ അദ്ദേഹം മുന്‍കൈയെടുക്കേണ്ടതായിരുന്നുവെന്നും സജിത മഠത്തില്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സജിത മഠത്തിലിന്റെ പ്രതികരണം.
അതേസമയം AMMA-യുടെ മുൻ പ്രസിഡന്‍റ് മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും. ഉച്ച കഴിഞ്ഞാണ് വാർത്താസമ്മേളനം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം ആദ്യമായാണ് മോഹൻലാൾ മാധ്യമങ്ങളെ കാണുന്നത്.
മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ട് കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് പുറത്തുവന്നത്. കാസ്റ്റിംഗ് കൗച്ച് മുതൽ ലൈംഗിക പീഡനം വരെ സ്ത്രീകൾ അനുഭവിക്കുന്നതായി കമ്മീഷൻ കണ്ടെത്തിയിരുന്നു. റിപ്പോർട്ട് പുറത്തു വന്നതിന് പിറകെ പ്രമുഖ നടൻമാരുൾപ്പെടെയുള്ള ചലച്ചിത്ര പ്രവർത്തകർക്കെതിരെ ആരോപണങ്ങളുമായി നിരവധിപേരാണ് വെളിപ്പെടുത്തൽ നടത്തിയത്.