
ഹേമകമ്മിറ്റി റിപ്പോർട്ടിനു മേലുള്ള തെളിവെടുപ്പിനായി കേരളത്തിലെത്തിയ ദേശീയ വനിതാ കമ്മീഷൻ മെമ്പർ ദെലീന കേരള വനിത കമ്മീഷൻ ചെയർപേഴ്സൺ പി. സതീദേവിയുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇവർ രണ്ടു ദിവസം കേരളത്തിൽ തുടരുമെന്നാണ് സൂചന.
ഹേമ കമ്മിറ്റി റിപ്പോർട്ട് മായി ബന്ധപ്പെട്ട കേരള വനിതാ കമ്മീഷൻ എന്ത് ചെയ്തു എന്ന കാര്യങ്ങൾ അറിയാനാണ് അവർ ഇവിടെ എത്തിയതെന്ന് പി സതീദേവി അറിയിച്ചു. എല്ലാ കാര്യങ്ങളും അവരോട് വിശദീകരിച്ചിട്ടുണ്ട്.ഡബ്ല്യൂസിസി പ്രതിനിധികളെ അവർ കാണാൻ താല്പര്യപ്പെടുന്നുണ്ട്. പ്രതിനിധികളുടെ നമ്പർ അവർക്ക് കൈമാറിയതായും പി. സതീദേവി വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ നടത്താനാണ് വനിതാ കമ്മീഷൻ അംഗം കേരളത്തിലെത്തിയിരിക്കുന്നത്. കേരള വനിതാ കമ്മീഷൻ നടത്തിയ ഇടപെടലുകളെ അവർ അഭിനന്ദിച്ചു. മറ്റു സംസ്ഥാനങ്ങളിലും ഹേമ കമ്മിറ്റി റിപ്പോർട്ട് വലിയ ചലനങ്ങൾ ഉണ്ടാക്കിയതായും അവർ നാളെ മാധ്യമങ്ങളെ കാണുമെന്നും സതീദേവി കൂട്ടിച്ചേർത്തു.
ഹേമ കമ്മിറ്റിയുടെ പൂര്‍ണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. കോടതി ഉത്തരവ് പ്രകാരം ഒഴിവാക്കിയ ഭാഗങ്ങള്‍ സീല്‍ വച്ച് കവറില്‍ സമര്‍പ്പിക്കാനാണ് കമ്മീഷന്‍ രേഖ മൂലം ആവശ്യപ്പെട്ടത്.
മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് പുറത്തുവന്നത്. കാസ്റ്റിംഗ് കൗച്ച് മുതല്‍ ലൈംഗിക പീഡനം വരെ സ്ത്രീകള്‍ അനുഭവിക്കുന്നതായി കമ്മീഷന്‍ കണ്ടെത്തിയിരുന്നു. റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിറകെ പ്രമുഖ നടന്‍മാരുള്‍പ്പെടെയുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണങ്ങളുമായി നിരവധിപ്പേരാണ് വെളിപ്പെടുത്തല്‍ നടത്തിയത്.