ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക്? ജാമ്യത്തിന് പിന്നാലെ പദവി തിരികെ ലഭിച്ചേക്കുമെന്ന് സൂചന

റാഞ്ചിയിലെ ഇന്ത്യ സഖ്യത്തിൻ്റെ എംഎൽഎമാരുടെ യോഗത്തിന് പിന്നാലെയുണ്ടായ തീരുമാനത്തിൽ നിലവിലെ മുഖ്യമന്ത്രി ചമ്പൈ സോറൻ തൃപ്തനല്ലെന്ന് റിപ്പോർട്ടുകൾ
ഹേമന്ത് സോറനും ചമ്പൈ സോറനും ഇൻഡ്യ സഖ്യത്തിൻ്റെ യോഗത്തിനിടെ
ഹേമന്ത് സോറനും ചമ്പൈ സോറനും ഇൻഡ്യ സഖ്യത്തിൻ്റെ യോഗത്തിനിടെ
Published on

ജാമ്യം ലഭിച്ചതിന് പിന്നാലെ ഹേമന്ത് സോറൻ വീണ്ടും ജാ‍ർഖണ്ഡ‍് മുഖ്യമന്ത്രിയാകുമെന്ന് സൂചന. റാഞ്ചിയിൽ നടന്ന ഇന്ത്യ സഖ്യത്തിലെ എംഎൽഎമാരുടെ യോഗത്തിന് പിന്നാലെയാണ് തീരുമാനം. എന്നാൽ തീരുമാനത്തിൽ നിലവിലെ മുഖ്യമന്ത്രി ചമ്പൈ സോറൻ തൃപ്തനല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കഴിഞ്ഞ ജനുവരി 31നാണ് ഭൂമി തട്ടിപ്പ് കേസിൽ ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുന്നോടിയായി തന്നെ ഹേമന്ത് സോറൻ തൻ്റെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. അധികാരത്തിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രിയെന്ന പേരുണ്ടാവാതിരിക്കാനായിരുന്നു രാജി. റാഞ്ചിയിൽ 8.86 ഏക്കർ ഭൂമി അനധികൃതമായി സമ്പാദിച്ചുവെന്നാണ് ഹേമന്ത് സോറനെതിരെയുള്ള കേസ്. ഹേമന്ത് സോറൻ രാജിവെച്ചതോടെ ചമ്പൈ സോറൻ ജാ‍ർഖണ്ഡ‍് മുഖ്യമന്ത്രിയായി.

അഞ്ചു മാസത്തിന് ശേഷം കഴിഞ്ഞ ജൂൺ 28നാണ് ഹേമന്ത് സോറന് ജാമ്യം ലഭിക്കുന്നത്. ജാമ്യം ലഭിച്ചതോടെ വീണ്ടും മുഖ്യമന്ത്രി കസേരയിലേക്ക് തിരിച്ചെത്താനുള്ള നീക്കത്തിലാണ് നേതാവ്. റാഞ്ചിയിൽ ഇന്ത്യ സഖ്യത്തിലെ എംഎൽഎമാർ ചേർന്ന യോഗത്തിലാണ് സോറനെ വീണ്ടും മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനമെന്നാണ് റിപ്പോർട്ട്.

എന്നാൽ സോറൻ രാജിവെച്ചതിന് പിന്നാലെ മുഖ്യമന്ത്രിയായി ചുമതലയേറ്റ ചമ്പൈ സോറൻ തീരുമാനത്തിൽ തൃപ്തനല്ലെന്നാണ് വിവരം. ജെഎംഎമ്മിൻ്റെ നിയമസഭാ കക്ഷി യോഗത്തിൽ ചമ്പൈ സോറൻ ഈ തീരുമാനത്തിൽ തനിക്ക് അപമാനം അനുഭവപ്പെടുന്നതായി പറഞ്ഞെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇത് വകവെക്കാതെ പാർട്ടി ഹേമന്ത് സോറനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ചമ്പൈ സോറനെ ജെഎംഎമ്മിൻ്റെ എക്‌സിക്യൂട്ടീവ് പ്രസിഡൻ്റായി നിയമിച്ചേക്കുമെന്നാണ് സൂചന.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com