
ഭൂമി തട്ടിപ്പ്- കള്ളപ്പണ കേസുകളില്‍ അറസ്റ്റിലായ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ ജയിൽ മോചിതനായി. അറസ്റ്റിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും വരും ദിവസങ്ങളിൽ ഇത് തെളിയിക്കുമെന്നും പുറത്തിറങ്ങിയ ശേഷം സോറൻ മാധ്യമങ്ങളോട് പറഞ്ഞു. രഗോണ്‍ മുഖോപാധ്യയുടെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഇന്ന് ഹേമന്ത് സോറന് ജാമ്യം അനുവദിച്ചത്. മുന്‍പ് സുപ്രീം കോടതി സോറന് ഇടക്കാല ജാമ്യം നിഷേധിച്ചിരുന്നു.
ജനുവരി 31നാണ് ഇഡി സോറനെ അറസ്റ്റ് ചെയ്തത്. വ്യാജ രേഖകളിലൂടെ കോടികൾ വിലമതിക്കുന്ന ഭൂമി കൈക്കലാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു ജാർഖണ്ഡ് മുക്തി മോർച്ച പാർട്ടി നേതാവായ സോറന്‍റെ അറസ്റ്റ്. റാഞ്ചിയിൽ 8.86 ഏക്കർ ഭൂമി അനധികൃതമായി സ്വന്തമാക്കിയെന്നാണ് സോറനെതിരെയുള്ള ആരോപണം. അനധികൃത ഖനനാരോപണത്തെ തുടർന്ന് 2021 മുതല്‍ സോറനെ ഇഡി ചോദ്യം ചെയ്തു വരികയായിരുന്നു. തുടർന്ന് ജനുവരി 31ന് സോറൻ അറസ്റ്റിലായി. അറസ്റ്റിലാകും മുന്‍പ് തന്നെ സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. സോറന്‍റെ രാജിയെ തുടര്‍ന്ന് മന്ത്രിസഭയിലെ ഗതാഗത മന്ത്രിയും ജന മുക്തി മോർച്ച നേതാവുമായ ചംപയ് സോറൻ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തു.
"സത്യം വെല്ലുവിളികള്‍ നെരിടും, എന്നാല്‍ പരാജയപ്പെടില്ല" എന്ന് എക്സില്‍ കുറിച്ചു കൊണ്ടാണ് ചംപയ് സോറൻ ജാമ്യ വാർത്തയോട് പ്രതികരിച്ചത്.
ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഹേമന്ത് സോറന് ജാമ്യം ലഭിച്ചത് ജാർഖണ്ഡ് മുക്തി മോർച്ച പാർട്ടിക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
"ജെഎംഎമ്മും അവരുടെ സഖ്യ കക്ഷികളും ആഘോഷിക്കുന്നത് കണ്ടാല്‍ എല്ലാ ചാർജുകളും നീക്കിയെന്ന് തോന്നും. ജാമ്യം മാത്രമാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്", ബിജെപി വക്താവ് പ്രതുല്‍ ഷാദിയോ പ്രതികരിച്ചു.