ബിജെപിയുടെ രാഷ്ട്രീയ വേട്ടയാടലുകൾ നിഷ്‌ഫലം; ഗോത്രജനതയുടെ ട്രൂ ലീഡറായി വളർന്ന് ഹേമന്ത് സോറൻ

ഗോത്രഭൂമിയായ ജാർഖണ്ഡിൽ ഇതു തുടർച്ചയായ രണ്ടാം തവണയാണ് ഹേമന്ത് സോറൻ മുഖ്യമന്ത്രി പദവിയിലേക്ക് വരുന്നത്
ബിജെപിയുടെ രാഷ്ട്രീയ വേട്ടയാടലുകൾ നിഷ്‌ഫലം; ഗോത്രജനതയുടെ ട്രൂ ലീഡറായി വളർന്ന് ഹേമന്ത് സോറൻ
Published on


ജനാധിപത്യത്തിൻ്റെ വിജയമെന്ന് വേണമെങ്കിൽ ജാർഖണ്ഡിലെ ഇന്ത്യാ മുന്നണിയുടെ വിജയത്തെ ഒറ്റവാക്കിൽ വിലയിരുത്താം. 2024ൽ ഹേമന്ത് സോറൻ്റെ തുടർച്ചയായ രണ്ടാമത്തെ വിജയമെന്ന് വേണമെങ്കിലും ജാർഖണ്ഡ് മുക്തി മോർച്ചയുടെ ഈ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തെ വിലയിരുത്താം.

എന്നാൽ 2024 അവസാനിക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ ഇന്ത്യാ മുന്നണിയുടെ തിളക്കമാർന്ന വിജയത്തിന് പിന്നിലെ മുഖ്യ സൂത്രധാരനായി തലയുയർത്തി നിൽപ്പാണ് ഹേമന്ത് സോറൻ. ഗോത്രഭൂമിയായ ജാർഖണ്ഡിൽ ഇതു തുടർച്ചയായ രണ്ടാം തവണയാണ് ഹേമന്ത് സോറൻ മുഖ്യമന്ത്രി പദവിയിലേക്ക് വരുന്നത്.

ജെഎംഎമ്മിൻ്റെ അമരക്കാരനെന്ന നിലയിൽ കയറ്റിറക്കങ്ങൾ നിറഞ്ഞതായിരുന്നു ഹേമന്ത് സോറന് 2024. കഴിഞ്ഞ ജനുവരി 31നാണ് ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റ് ജാർഖണ്ഡ് മുഖ്യമന്ത്രിയെ കസ്റ്റഡിയിലെടുക്കുന്നത്. നിരന്തരമായ ചോദ്യം ചെയ്യലുകൾക്കൊടുവിൽ ഫെബ്രുവരി 4നാണ് ഇ.ഡി സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. പിന്നാലെ ഹേമന്ത് സോറൻ രാജിവെച്ച് അന്വേഷണം നേരിടുകയും ചെയ്തു.

ജനുവരി 31ന് ഹേമന്ത് സോറൻ്റെ അറസ്റ്റിന് ശേഷം, അദ്ദേഹത്തിൻ്റെ സഹോദര ഭാര്യ സീത സോറൻ (അന്തരിച്ച സഹോദരൻ ദുർഗ സോറൻ്റെ ഭാര്യ) മാർച്ചിൽ ബിജെപിയിൽ ചേർന്നിരുന്നു. സോറൻ്റെ ഭാര്യ കൽപ്പനയെ അദ്ദേഹത്തിൻ്റെ അഭാവത്തിൽ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങളിൽ സീത സോറൻ അതൃപ്തയായിരുന്നു. പിന്നാലെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ജെഎംഎമ്മിൽ നിന്ന് സീതയെ പുറത്താക്കി.


അറസ്റ്റിലായി അഞ്ച് മാസത്തിന് ശേഷം 2024 ജൂണിൽ ഹേമന്ത് സോറന് ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി പ്രഥമദൃഷ്ട്യാ കുറ്റക്കാരനല്ലെന്നും സമാനമായ കുറ്റം ചെയ്യാൻ സാധ്യതയില്ലെന്നും കോടതി വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള ജാമ്യത്തിനുള്ള രണ്ട് വ്യവസ്ഥകളും പാലിക്കപ്പെട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹേമന്ത് സോറന് ജാമ്യമനുവദിച്ചത്.

ഹേമന്ത് സോറൻ്റെ അഭാവത്തിൽ ജെഎംഎം തലവൻ ഷിബു സോറൻ്റെ അടുത്ത അനുയായിയും പാർട്ടിയിൽ മൂന്നാമനെന്നും അറിയപ്പെട്ട ചംപയ് സോറൻ മുഖ്യമന്ത്രിയായി നിയമിതനായി. ഹേമന്ത് സോറൻ ജയിൽ മോചിതനായ ശേഷം ജൂലൈയിൽ രാജിവെക്കാൻ പാർട്ടി അദ്ദേഹത്തോട് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്.

ഹേമന്ത് സോറനും പാർട്ടിയും തന്നെ അപമാനിച്ചെന്നും ജാർഖണ്ഡ് ജനതയ്ക്ക് നീതി ലഭിക്കണമെന്നും ചൂണ്ടിക്കാട്ടി ചംപയ് സോറൻ ഒരു മാസത്തിന് ശേഷം ബിജെപിയിൽ ചേരുകയും ചെയ്തു. ചംപയ് സോറനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയാണ് ബിജെപി ഗോത്രഭൂമിയിലെ പോരാട്ടം തുടർന്ന്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ ഉയർത്തിക്കാട്ടി വർഗീയ പ്രചരണങ്ങളും പിന്നീട് ബിജെപി അഴിച്ചുവിട്ടു.

ജെഎംഎം-കോൺഗ്രസ് സഖ്യം ജാർഖണ്ഡിലേക്കുള്ള ബംഗ്ലാദേശി മുസ്ലീങ്ങളുടെ നുഴഞ്ഞുകയറ്റം നിർബാധം അനുവദിച്ചുവെന്നും ബിജെപി ആരോപണ ശരങ്ങളുന്നയിച്ചു. എന്നാൽ ഇതൊന്നും ജെഎംഎമ്മിനേയും ഹേമന്ത് സോറനേയും പിന്നോട്ടടിച്ചില്ലെന്നാണ് നിയമസഭാ തെരഞ്ഞടുപ്പ് ഫലം തെളിയിക്കുന്നത്. ബർഹൈത്തിൽ മത്സരിച്ച മുഖ്യമന്ത്രി ഹേമന്ത് സോറൻ ബിജെപിയുടെ ഗാംലിയേൽ ഹെംബ്രോമിനെക്കാൾ മികച്ച ഭൂരിപക്ഷത്തിലാണ് ജയിച്ചത്. മാത്രവുമല്ല 2019ൽ 30 സീറ്റുകളിൽ വിജയിച്ച ജെഎംഎം ഇക്കുറി അതിനേക്കാൾ കൂടുതൽ സീറ്റുകളിൽ വിജയിക്കുകയും ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com