
ജാർഖണ്ഡിൽ ഹേമന്ത് സോറൻ സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും. വിശ്വാസ വോട്ട് നേടിയാൽ മന്ത്രിസഭ വിപുലീകരണത്തിനും സാധ്യതയുണ്ട്. ചംപയ് സോറൻ രാജിവെച്ച് ഹേമന്ത് സോറൻ മുഖ്യമന്ത്രിയായതിനെ തുടർന്നാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്.
81 അംഗ ജാർഖണ്ഡ് നിയമസഭയിൽ ഭരണത്തിലുള്ള ഇന്ത്യ സഖ്യത്തിന് 47 എംഎൽഎമാരുടെ പിന്തുണയാണുള്ളത്. ജെഎംഎം–27, കോണ്‍ഗ്രസ്–17, ആര്‍ജെഡി–1 എന്നിങ്ങനെയാണ് നിലവിലെ അംഗനില. ബിജെപി നയിക്കുന്ന പ്രതിപക്ഷത്തിന് 30 അംഗങ്ങളുടെ പിന്തുണയാണുള്ളത്.
ജൂലൈ 4 നാണ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തത്. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്ത സോറൻ അഞ്ച് മാസത്തെ ജയിൽവാസത്തിന് ശേഷം ജൂൺ 28നാണ് പുറത്തിറങ്ങിയത്. ഇന്ത്യ മുന്നണി എംഎൽഎമാരുടെ യോഗത്തിലാണ് ഹേമന്ത് സോറനെ വീണ്ടും മുഖ്യമന്ത്രിയാക്കുവാനുള്ള തീരുമാനം ഉയർന്നത്. ഇതിന് പിന്നാലെ മുഖ്യമന്ത്രിയായിരുന്ന ചംമ്പയ് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.വ്യാജരേഖയുടെ സഹായത്തോടെ 8.36 കോടി രൂപയുടെ ഭൂമി കൈക്കലാക്കിയതുള്‍പ്പെടെ മൂന്നു കേസുകളായിരുന്നു ഇഡി ഹേമന്ത് സോറനെതിരേ ചുമത്തിയിരുന്നത്.
ഒക്ടോബറിലാണ് ജാർഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പ്.