യുദ്ധത്തിലെ പുതിയതും തീവ്രവുമായ ഘട്ടം, ചെറുത്തുനിൽപ്പ് ശക്തിപ്പെടുത്തും; യഹ്യയുടെ കൊലപാതകത്തിന് പിന്നാലെ ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്

ഹമാസിൽ നിന്നും മുഴുവൻ ബന്ദികളെയും മോചിപ്പിച്ചതിന് ശേഷം മാത്രമെ യുദ്ധം അവസാനിപ്പിക്കുകയുള്ളൂവെന്ന് നെതന്യാഹു അറിയിച്ചു
യുദ്ധത്തിലെ പുതിയതും തീവ്രവുമായ ഘട്ടം, ചെറുത്തുനിൽപ്പ് ശക്തിപ്പെടുത്തും; യഹ്യയുടെ കൊലപാതകത്തിന് പിന്നാലെ ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്
Published on

ഹമാസ് നേതാവ് യഹ്യ സിൻവാർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രയേലിന് മുന്നറിയിപ്പുമായി ഹിസ്ബുള്ള. യഹ്യയുടെ കൊലപാതകത്തോടെ, യുദ്ധത്തിലെ പുതിയതും തീവ്രവുമായ ഘട്ടത്തിലെത്തിയിരിക്കുന്നുവെന്നും, ചെറുത്തുനിൽപ്പ് ശക്തിപ്പെടുത്തുമെന്നും ശക്തമായ മുന്നറിയിപ്പാണ് ഹിസ്ബുള്ള നൽകിയത്.

ഹമാസ് തലവൻ യഹിയ സിൻവാറിൻ്റെ മരണം സ്ഥിരീകരിക്കുന്നതോടെ ഇസ്രയേലിൻ്റെ മുഖ്യശത്രുവാണ് ഇല്ലാതായത്. ഒക്ടോബർ ഏഴിലെ ആക്രമണത്തിൻ്റെ സൂത്രധാരനെ ഇല്ലാതാക്കുമ്പോഴും യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേൽ ഒരുക്കമല്ലെന്നാണ് റിപ്പോർട്ടുകൾ. യഹ്യ കൊല്ലപ്പെട്ടതോടെ ഇസ്രയേൽ സംഘർഷം അവസാനിപ്പിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ, ഇന്ന് ഞങ്ങൾ കണക്ക് തീർത്തുവെന്നും, ഞങ്ങളുടെ ദൗത്യം പൂർത്തീകരിച്ചിട്ടില്ല എന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഹമാസിൽ നിന്നും മുഴുവൻ ബന്ദികളെയും മോചിപ്പിച്ചതിന് ശേഷം മാത്രമെ യുദ്ധം അവസാനിപ്പിക്കുകയുള്ളൂവെന്നും നെതന്യാഹു അറിയിച്ചു. യഹ്യയുടെ മരണത്തിന് പിന്നാലെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെയാണ് നെതന്യാഹു ഇക്കാര്യം അറിയിച്ചത്.

ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടതിന് ശേഷമാണ് സംഘടനയുടെ രാഷ്ട്രീയ വിഭാഗത്തിൻ്റെ ചുമതലയേറ്റെടുത്ത് യഹ്യ ഹമാസിൻ്റെ തലവനായത്. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരെ നടന്ന ആക്രമണത്തിൻ്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളാണ് ഹമാസ് നേതാവ് യഹ്യ സിൻവാർ. ആക്രമണത്തില്‍ 1,100 പേര്‍ കൊല്ലപ്പെടുകയും 200ല്‍ അധികം പേര്‍ ബന്ദികളാക്കപ്പെടുകയും ചെയ്തിരുന്നു. ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇതുവരെ 40,000 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍. യുദ്ധത്തില്‍ ജനസംഖ്യയിലെ 2.3 മില്യണ്‍ പേർ പലായനം ചെയ്തു.

ഇതിനു മുന്‍പ് ഹമാസിന്‍റെ ഇന്‍റലിജന്‍സ് വിഭാഗം തലവനായിരുന്നു സിന്‍വാര്‍. കൊലപാതകം, അട്ടിമറി എന്നീ കുറ്റങ്ങള്‍ക്ക് 23 വര്‍ഷം തടവുശിക്ഷ അനുഭവിച്ചിരുന്നു. 100 ശതമാനം പ്രതിബദ്ധതയും, 100 ശതമാനം അക്രമാസക്തനുമായ മനുഷ്യനെന്നാണ് സിന്‍വാറിനെ ഇസ്രയേല്‍ വിശേഷിപ്പിച്ചത്.

2011ല്‍ ഇസ്രയേല്‍ സൈനികന്‍ ഗിലാദ് ഷലിത്തിന്‍റെ മോചനത്തിനു പകരമായി വെറുതെ വിട്ട 1000 തടവുകാരില്‍ ഒരാളായി പുറത്തു വന്ന സിന്‍വാര്‍, ഒക്ടോബര്‍ 7നു ശേഷം ഇസ്രയേല്‍ പിടിയില്‍ പെടാതെ രക്ഷപ്പെട്ട് കഴിയുകയാണ്. രാഷ്ട്രീയ വിഭാഗം മേധാവിയായ ഹനിയയുടെ അറിവോടെയല്ല ഒക്ടോബര്‍ ആക്രമണം സിന്‍വാര്‍ ആസൂത്രണം ചെയ്തതെന്ന് ആരോപണവുമുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com