"ലബനന്‍ ജനതയോട് എനിക്കൊരു സന്ദേശമുണ്ട്; നിങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ജീവന്‍ അപകടത്തിലാക്കാന്‍ ഹിസ്ബുള്ളയെ അനുവദിക്കരുത്"

അപകടസാധ്യതാ മേഖലകള്‍വിട്ട് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറണമെന്നും നെതന്യാഹു
ബെഞ്ചമിന്‍ നെതന്യാഹു
ബെഞ്ചമിന്‍ നെതന്യാഹു
Published on



ലബനന്‍ ജനതയ്ക്ക് മുന്നറിയിപ്പ് സന്ദേശവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹിസ്ബുള്ളയുടെ 'മനുഷ്യകവചമായി' മാറരുതെന്നും അപകടസാധ്യതാ മേഖലകള്‍വിട്ട് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറണമെന്നും നെതന്യാഹു പറഞ്ഞു. എക്സിലാണ് വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 492 പേര്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് നെതന്യാഹുവിന്റെ സന്ദേശം.

ലബനന്‍ ജനതയോട് എനിക്കൊരു സന്ദേശമുണ്ട് എന്ന തലക്കെട്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. "ഇസ്രയേലിന്റെ യുദ്ധം നിങ്ങളോടല്ല, ഹിസ്ബുള്ളയോടാണ്. കാലങ്ങളായി ഹിസ്ബുള്ള നിങ്ങളെ 'മനുഷ്യകവചമായി' ഉപയോഗിക്കുകയാണ്. അവര്‍ നിങ്ങളുടെ കിടപ്പുമുറികളില്‍ റോക്കറ്റും ഗാരേജുകളില്‍ മിസൈലും സ്ഥാപിച്ചിരിക്കുന്നു. ആ റോക്കറ്റുകളുടെയും മിസൈലുകളുടെയും ലക്ഷ്യം ഞങ്ങളുടെ പട്ടണങ്ങളും പൗരന്മാരുമാണ്. ഹിസ്ബുള്ളയുടെ ആക്രമണങ്ങളില്‍നിന്ന് ഞങ്ങളുടെ ജനങ്ങളെ പ്രതിരോധിക്കുന്നതിനായി, ഈ റോക്കറ്റുകളും മിസൈലുകളും പുറത്തെടുക്കേണ്ടതുണ്ട്. ഇന്ന് രാവിലെ മുതല്‍, അപകടവഴികളില്‍നിന്ന് മാറാന്‍ ഇസ്രയേല്‍ സൈന്യം നിങ്ങള്‍ക്ക് മുന്നറിയിപ്പ് തരുന്നുണ്ട്. അത് ഗൗരവമായി സ്വീകരിക്കാന്‍ ഞാനും നിങ്ങളോട് ആവശ്യപ്പെടുന്നു. നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും ജീവന്‍ അപകടത്തിലാക്കാന്‍ ഹിസ്ബുള്ളയെ അനുവദിക്കരുത്. ലബനനെ അപകടത്തിലാക്കാന്‍ ഹിസ്ബുള്ളയെ അനുവദിക്കരുത്. അപകട വഴികളില്‍നിന്ന് ദയവായി ഇപ്പോള്‍ മാറിനില്‍ക്കുക. ഞങ്ങളുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നമുറയ്ക്ക് നിങ്ങള്‍ക്ക് സുരക്ഷിതമായി വീടുകളിലേക്ക് മടങ്ങിയെത്താം" -എന്നാണ് നെതന്യാഹു വീഡിയോയില്‍ പറയുന്നത്.

‘ഓപ്പറേഷൻ നോർത്തേൺ ആരോസ്’ എന്ന പേരില്‍ ഇസ്രയേല്‍ സൈന്യം കിഴക്കന്‍ ലബനനില്‍ വ്യാപക ആക്രമണങ്ങള്‍ നടത്തിയിരുന്നു. എണ്ണൂറോളം ഹിസ്ബുള്ള ശക്തികേന്ദ്രങ്ങള്‍ നശിപ്പിച്ചെന്നാണ് സൈന്യം പ്രഖ്യാപിച്ചിരിക്കുന്നത്. വ്യോമാക്രമണങ്ങളില്‍ 492 പേര്‍ കൊല്ലപ്പെടുകയും 1645 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ 35 കുട്ടികളും 58 സ്ത്രീകളും ഉൾപ്പെട്ടിട്ടുള്ളതായാണ് ലബനന്‍ ആരോഗ്യ മന്ത്രാലയം കണക്കുകള്‍. ഹിസ്ബുള്ളയ്ക്കെതിരായ ആക്രമണത്തിന്റെ പേരില്‍ നിരപരാധികള്‍ കൊല്ലപ്പെടുന്നതില്‍ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് നെതന്യാഹു മുന്നറിയിപ്പ് സന്ദേശം എക്സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com