മലയാള സിനിമ സെറ്റിലെ കാരവനില്‍ ഒളിക്യാമറ; നടിമാരുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി: രാധിക ശരത്കുമാര്‍

സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് നേരിട്ട് കണ്ടെന്നും രാധിക പറഞ്ഞു
രാധിക ശരത്കുമാര്‍
രാധിക ശരത്കുമാര്‍
Published on

മലയാള സിനിമ സെറ്റിലെ കാരവനില്‍ ഒളിക്യാമറ വെച്ച് നടിമാരുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ നടി രാധിക ശരത്കുമാര്‍. സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് നേരിട്ട് കണ്ടെന്നും ഭയന്നുപോയതിനാല്‍ കാരവാനിൽ വച്ച് വസ്ത്രം മാറാതെ, ഹോട്ടൽ മുറിയിലേക്ക് പോയെന്നും രാധിക പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു വെളിപ്പെടുത്തൽ 

ലൊക്കേഷനിൽ കുറച്ച് പുരുഷന്മാരിരുന്ന് മൊബൈലില്‍ വീഡിയോ കണ്ട് ചിരിക്കുന്നുണ്ടായിരുന്നു. ഒരാളെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് കാരവാനിൽ ഒളിക്യാമറ വെച്ച് പകർത്തിയ നടിമാർ വസ്ത്രം മാറുന്ന ദൃശ്യങ്ങളാണ് അവർ കണ്ടതെന്ന് മനസിലായത്. ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി സൂക്ഷിക്കുന്നുണ്ട്. നടിയുടെ പേര് അടിച്ചുകൊടുത്താൽ അത് കിട്ടും. ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാന്‍ ഞാൻ ഉപയോ​ഗിച്ചില്ല. ഞാൻ അവിടെ ബഹളം വെച്ചു. ഇനി ഇങ്ങനെ ഉണ്ടായാല്‍ ചെരുപ്പൂരി അടിക്കുമെന്ന് പറഞ്ഞു. നടിമാരുടെ കതകില്‍ മുട്ടുന്നത് ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട്. ഒരുപാട് പെണ്‍കുട്ടികള്‍ എന്‍റെ മുറിയില്‍ വന്ന് സഹായിക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്ന് രാധിക പറഞ്ഞു.

സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തുമോ എന്ന ഭയത്താലാണ് ഉര്‍വശി മലയാള സിനിമയില്‍ കാരവന്‍ വന്നതിന് ശേഷം പ്രശ്നമില്ലെന്ന് പറയുന്നത്. മലയാളത്തിലെ ഏത് സിനിമയുടെ സെറ്റില്‍വെച്ചാണ് ഈ സംഭവം ഉണ്ടായതെന്ന് രാധിക വെളിപ്പെടുത്തിയിയിട്ടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com