
കെപിസിസിയില്‍ ഉടന്‍ നേതൃമാറ്റത്തിൻ്റെ ആവശ്യമില്ലെന്ന് ഹൈക്കമാൻഡ്. കെ. സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റേണ്ടെന്നും ഹൈക്കമാന്‍ഡ് നിർദേശിച്ചു. ഇപ്പോൾ ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടക്കുന്നത് പുനഃസംഘടന ചര്‍ച്ച മാത്രമെന്ന് കേരള നേതൃത്വത്തോട് ഹൈക്കമാന്‍ഡ് അറിയിച്ചു. കൂടാതെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെയും മാറ്റില്ല. എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയുടെ നേതൃത്വത്തില്‍ നടക്കുന്നത് പുനഃസംഘടന ചര്‍ച്ച മാത്രമാണെന്നും കേരള നേതൃത്വത്തെ അറിയിച്ചു.
സുധാകരനെ മാറ്റാന്‍ ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നേതൃമാറ്റം വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും ചെന്നിത്തല വ്യക്തമാക്കി. അതേസമയം സുധാകരനെ മാറ്റാൻ ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ലെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. "അനൗദ്യോഗികമായി ചർച്ചകൾ നടന്നിട്ടുണ്ടോയെന്ന് എനിക്കറിയില്ല, നേതൃ മാറ്റ വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ് ആണ്. പാർട്ടി നേതാക്കൾ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിത്", രമേശ് ചെന്നിത്തല പറഞ്ഞു.
ഒരു സർവ്വേയും നടത്തിയിട്ടില്ല എന്നാണ് പ്രതിപക്ഷ നേതാവ് തന്നോട് പറഞ്ഞത്. വർഷങ്ങളായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ആളുകൾ എന്ന നിലയിൽ ഏതൊക്കെ സീറ്റുകളിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്ന് സ്വാഭാവികമായും നമുക്ക് അറിയാമല്ലോയെന്നും രമേശ് ചെന്നിത്തല അറിയിച്ചു.
ബ്രൂവറി വിവാദത്തിൽ അഴിമതി ആരോപണം ഉന്നയിക്കുന്നവർ എന്തുകൊണ്ട് സഭയിൽ അടിയന്തര പ്രമേയം അവതരിപ്പിക്കുന്നില്ലെന്ന മന്ത്രി എം.ബി. രാജേഷിനും രമേശ് ചെന്നിത്തല മറുപടി നൽകി. പാർലമെൻ്ററികാര്യ മന്ത്രിയായിട്ടും അടിയന്തര പ്രമേയത്തെ കുറിച്ചുള്ള ചട്ടങ്ങൾ മന്ത്രിക്ക് അറിയില്ലേ എന്നാണ് രമേശ് ചെന്നിത്തലയുടെ ചോദ്യം. അഴിമതി ആരോപണം അടിയന്തര പ്രമേയമായി കൊണ്ടുവരാൻ കഴിയില്ല എന്നതാണ് ചട്ടം. അതുകൊണ്ടാണ് ബ്രൂവറി വിഷയം അടിയന്തര പ്രമേയമായി സഭയിൽ കൊണ്ടുവരാത്തതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.