
എരുമേലി കുറി വിവാദത്തിൽ ദേവസ്വം ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഭക്തരെ ചൂഷണം ചെയ്യാനനുവദിക്കില്ലെന്നും ഇത്തരം കാര്യങ്ങൾക്ക് ഭക്തരുടെ കൈയ്യിൽ നിന്നും ഒരാളും പണം വാങ്ങില്ലെന്നും ഹൈക്കോടതി ചൂണ്ടികാട്ടി. പണം വാങ്ങുന്ന ദൃശ്യങ്ങളിലുള്ള വ്യക്തിയാരെന്ന് ചോദിച്ച കോടതി, ഇയാളെ സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറണമെന്ന് നിർദേശിച്ചു. വിവാദത്തിൽ ബന്ധപ്പെട്ട എസ്.എച്ച്.ഒ യെ കക്ഷി ചേർക്കാനും നിർദേശമുണ്ട്. കുറി വിവാദത്തിൽ അയ്യപ്പസേവാ സമാജം സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി നിരീക്ഷണം.
എരുമേലി അയ്യപ്പക്ഷേത്രത്തിൽ ഭക്തരിൽ നിന്ന് ചന്ദനം, സിന്ദൂരം തുടങ്ങിയ കുറികൾക്ക് 10 രൂപ ഫീസ് ഈടാക്കാനുള്ള തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെയാണ് ദേവസ്വം ബോർഡ് തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് അയ്യപ്പസേവാ സമാജം ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഭക്തരെ ചൂഷണം ചെയ്യുന്ന നടപടിയാണ് ബോർഡിൻ്റേതെന്നും മുൻ വർഷങ്ങളിലേത് പോലെ സൗജന്യമായി കുറിതൊടാൻ ഭക്തർക്ക് അവസരം ഒരുക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി. എരുമേലിയിൽ സ്‌പെഷ്യൽ കമ്മീഷണർ സേവനം ഉറപ്പാക്കണമെന്നും രാസ സിന്ദൂരത്തിൻ്റെ ഉപയോഗം തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ALSO READ: എരുമേലി ക്ഷേത്രത്തിലെ കുറി വിവാദം: ഭക്തജനങ്ങളെ കൊള്ളയടിക്കാനുള്ള നീക്കം, ആരോപണവുമായി ബിജെപി
അതേസമയം ഇത് ആരെയും നിർബന്ധിച്ച് ചെയ്യിക്കുന്നതല്ലെന്നായിരുന്നു ദേവസ്വം ബോർഡിൻ്റെ വിശദീകരണം. അനധികൃതമായി ആരും ഭക്തരെ ചൂഷണം ചെയ്യാതിരിക്കാനാണ് കരാർ നൽകിയതെന്നും ദേവസ്വം ബോർഡ് കോടതിയിൽ വ്യക്തമാക്കി. തുടർ വാദം ചൊവ്വാഴ്ച കേൾക്കുമെന്ന് കോടതി അറിയിച്ചു.