
തോടുകളില്‍ മാലിന്യം തള്ളുന്നത് ആളെ കൊല്ലുന്നതിന് തുല്യമെന്ന് ഹൈക്കോടതി. ആമയിഴഞ്ചാന്‍ തോടിന് സമാനമാണ് കൊച്ചിയിലെ കനാലുകളുടെയും അവസ്ഥ. കനാലുകളില്‍ മാലിന്യം തള്ളുന്നവരെ വിചാരണ ചെയ്യണമെന്നും ഹൈക്കോടതി പറഞ്ഞു. കൊച്ചിയിലെ വെള്ളക്കെട്ട് സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചത്.
വൃത്തിയാക്കിയ കനാലുകളില്‍ എങ്ങനെ മാലിന്യമെത്തുന്നുവെന്നും ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. മാലിന്യം തള്ളുന്നവര്‍ ചെയ്യുന്നത് ആളുകളെ കൊല്ലുന്ന പണിയാണ്. തിരുവനന്തപുരത്തെ അപകടം കൊച്ചിയില്‍ ആവര്‍ത്തിക്കരുത്. മാലിന്യ നിര്‍മാര്‍ജനത്തില്‍ ജനത്തിന്റെ കണ്ണു തുറപ്പിക്കുന്ന ഇടപെടലുണ്ടാവണമെന്നും ഹൈക്കോടതി പറഞ്ഞു.
ആമയിഴഞ്ചാന്‍ കനാലിലെ മാലിന്യം നീക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ ജോയിയുടെ മൃതദേഹം മൂന്നാം ദിവസമാണ് കണ്ടെത്തിയത്. തെരച്ചിലില്‍ പങ്കാളികളായ അഗ്നിരക്ഷാ സേനാംഗങ്ങളെ ഹൈക്കോടതി അഭിനന്ദിച്ചു.
റെയില്‍വേ കരാര്‍ ജീവനക്കാരനായിരുന്നു ആമയിഴഞ്ചാന്‍ തോടില്‍ മാലിന്യം നീക്കാനിറങ്ങിയ ജോയി. തെരച്ചില്‍ ആരംഭിച്ചതിന് പിന്നാലെ തന്നെ കനാലിലെ മാലിന്യം സംബന്ധിച്ച് തിരുവനന്തപുരം നഗരസഭയും റെയില്‍വേയും വാക്‌പോരില്‍ എത്തിയിരുന്നു. റെയില്‍വേ ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന കനാലില്‍ റെയില്‍വേയുടെ മാലിന്യമാണ് നിറഞ്ഞ് കിടക്കുന്നതെന്ന് നഗരസഭ ആരോപിച്ചപ്പോള്‍ മാലിന്യങ്ങള്‍ പുറത്ത് നിന്ന് ഒഴുകിവന്നതാണെന്നും ഇതില്‍ ഉത്തരവാദിത്തം ഇല്ലെന്നുമാണ് റെയില്‍വേ പറഞ്ഞത്.
റെയില്‍വേയും നഗരസഭയും പരസ്പരം പഴിചാരുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയപ്പോഴും ഈ വിഷയത്തില്‍ കുറ്റപ്പെടുത്തലല്ല ആവശ്യമെന്നും കാര്യക്ഷമമായ പ്രവര്‍ത്തനമാണെന്നും നേരത്തെ ഹൈക്കോടതി പറഞ്ഞിരുന്നു.