ഹയർ സെക്കണ്ടറി അധ്യാപകരുടെ സ്ഥലം മാറ്റം; സർക്കാർ ഉത്തരവ് ശരി വെച്ച് ഹൈക്കോടതി

മാതൃജില്ലയിൽ ഒഴിവുണ്ടെങ്കിൽ സീനിയോരിറ്റി അടിസ്ഥാനത്തിൽ പരിഗണിക്കണമെന്ന് കോടതി
ഹയർ സെക്കണ്ടറി അധ്യാപകരുടെ സ്ഥലം മാറ്റം; സർക്കാർ ഉത്തരവ് ശരി വെച്ച് ഹൈക്കോടതി
Published on
Updated on

ഹയർ സെക്കൻഡറി അധ്യാപകർക്ക് സ്ഥലം മാറ്റം നൽകിയ സർക്കാർ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. സ്വന്തം ജില്ലയിൽ ഒഴിവുണ്ടെങ്കിൽ സീനിയോരിറ്റി അടിസ്ഥാനത്തിൽ പരിഗണിക്കണമെന്ന് കോടതി വ്യക്തമാക്കി. സർക്കാരിൻ്റെയും അധ്യാപകരുടെയും ഹർജി പരിഗണിച്ചാണ് ഡിവിഷൻ ബഞ്ച് വിധി പ്രസ്ഥാവിച്ചത്.

നാല് വിഭാഗങ്ങളിലായി അധ്യാപകരെ സ്ഥലം മാറ്റി 2024 ഫെബ്രുവരി 12നാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് ചോദ്യം ചെയ്ത് ഒരു കൂട്ടം അധ്യാപകർ നൽകിയ ഹർജിയിൽ, ഹോം സ്റ്റേഷൻ, അദേഴ്സ് സ്ഥല മാറ്റ പട്ടികകൾ കേരള അഡ്മിനിസ്ടേറ്റീവ് ട്രൈബ്യൂണൽ(KAT) റദ്ദാക്കിയിരുന്നു. ഇത് പരിശോധിച്ച് ജൂൺ ഒന്നിന് പുതിയ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടു. സർവിസിലെ സീനിയോറിറ്റി മാതൃജില്ലയിലേക്കുള്ള സ്ഥലം മാറ്റത്തിന് മാത്രമേ പരിഗണിക്കാവൂ എന്നാണ് സർക്കാർ മാനദണ്ഡം. 

എന്നാൽ ഈ സീനിയോരിറ്റി പരിസര ജില്ലകളിലേക്കും പരിഗണിക്കണമെന്ന ഹർജിക്കാരുടെ ആവശ്യവും കൂടി പരിഗണിച്ചാണ് കെഎടി ഉത്തരവ് പുറപ്പെടുവിച്ചത്. സ്ഥലംമാറ്റ പട്ടിക റദ്ദാക്കിയ കെ എ ടി നടപടി തടയണമെന്നും നിലവിലെ സ്ഥലം മാറ്റ ഉത്തരവ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ചില അധ്യാപകർ ഹൈക്കോടതിയെ സമീപിച്ചത്. നിർദ്ദേശം പരിഗണിക്കാതെ പട്ടിക തയാറാക്കിയെന്ന് വിലയിരുത്തി സർക്കാറിനെതിരെ കെ എ ടി കേസെടുത്തിരുന്നു . 

ഇത് ചോദ്യം ചെയ്താണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നാണ് ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കി സ്ഥലമാറ്റ നടപടി ഹൈക്കോടതി ശരിവച്ചത്. കൂടാതെ സ്വന്തം ജില്ലയിൽ ഒഴിവുണ്ടെങ്കിൽ സീനിയോറിറ്റി അടിസ്ഥാനത്തിൽ അധ്യാപകരെ പരിഗണിക്കണമെന്നും ഡിവിഷൻ ബഞ്ച് നിർദേശം നൽകി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com