
ശബരിമല മേൽശാന്തി നറുക്കെടുപ്പിലെ അന്തിമ പട്ടികയിൽ നിന്നും ഒരാളെ ഹൈക്കോടതി ഒഴിവാക്കി. തിരുവനന്തപുരം സ്വദേശി യോഗേഷ് നമ്പൂതിരിയെയാണ് ഒഴിവാക്കിയത്. മേൽശാന്തിയാകാൻ മാനദണ്ഡപ്രകാരമുള്ള പ്രവൃത്തിപരിചയം ഇല്ലെന്ന കണ്ടെത്തലിലാണ് നടപടി. നാളെയാണ് ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കുക.
ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പിനുള്ള പട്ടികയിൽ മതിയായ പൂജ പരിചയമില്ലാത്തവരെ ഉൾപ്പെടുത്തിയെന്ന പരാതിയെ തുടർന്ന് സ്വമേധയാ പരിഗണിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ, എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചാണ് വിഷയം പരിഗണിച്ചത്.