
മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 'മഞ്ഞുമ്മല്‍ ബോയ്‌സ്' നിര്‍മാതാക്കളുടെ അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് ഹൈക്കോടതി നീട്ടി. നിര്‍മാതാക്കളായ നടന്‍ സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്‍റണി എന്നിവരെ അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവാണ് ജസ്റ്റിസ് സി.എസ്. ഡയസ് നീട്ടിയത്. ലാഭ തുക ലഭിച്ചിട്ടും ഹര്‍ജിക്കാരന്‍റെ കടം വീട്ടാതെ നിര്‍മാതാക്കളില്‍ ഒരാള്‍ സ്ഥിര നിക്ഷേപം നടത്തിയതടക്കമുള്ള ആരോപണങ്ങളുന്നയിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസില്‍ ഒത്തുതീര്‍പ്പിനുള്ള ശ്രമം നടക്കുകയാണെന്ന് ഹര്‍ജിക്കാരും കോടതിയെ അറിയിച്ചിട്ടുണ്ട്.
2024 ഏപ്രിലില്‍ അരൂര്‍ സ്വദേശിയായ സിറാജ് വലിയവീട്ടിൽ നല്‍കിയ പരാതിയെ തുടര്‍ന്ന് മരട് പൊലീസാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പറവ ഫിലിംസിന്‍റെ ബാനറില്‍ നിര്‍മാതാക്കളായ ഷോണ്‍ ആന്‍റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ കള്ളപ്പണം വെളുപ്പിച്ചതായി സംശയിക്കുന്നതിനെ തുടര്‍ന്ന് പ്രാഥമിക അന്വേഷണം നടത്താന്‍ ഇ.ഡി നിശ്ചയിക്കുകയായിരുന്നു.
ചിത്രത്തിന്‍റെ നിര്‍മാണച്ചെലവ് 18.65 കോടിയില്‍ നിന്ന് 22 കോടിയായി ഉയര്‍ത്തി, സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് നിര്‍മാതാക്കള്‍ക്ക് എതിരെയുള്ള ആരോപണം. വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇഡി അന്വേഷണം ആരംഭിച്ചത്. പരാതിക്കാരനായ സിറാജ് സിനിമയുടെ നിര്‍മ്മാണത്തിനായി ഏഴ് കോടി രൂപയാണ് നിക്ഷേപിച്ചത്. സിനിമയുടെ ലാഭത്തിന്‍റെ 40 ശതമാനം തനിക്ക് അവകാശപ്പെട്ടതാണ് എന്ന ഉടമ്പടിയിന്മേലായിരുന്നു നിര്‍മാണം. സിനിമയുടെ ബോക്‌സ് ഓഫീസ് വിജയവും 250 കോടി രൂപയുടെ കളക്ഷനും ഉണ്ടായിട്ടും, ലാഭത്തിന്‍റെ വിഹിതം തനിക്ക് ലഭിച്ചില്ലെന്ന് സിറാജ് അവകാശപ്പെടുന്നു.