ബോബി ചെമ്മണ്ണൂരിന് ഉപാധികളോടെ ജാമ്യം നൽകി ഹൈക്കോടതി; ഉത്തരവിൽ ദ്വയാർഥ പ്രയോഗങ്ങൾക്ക് വിമർശനം

അന്വേഷണത്തെ സ്വാധീനിക്കാനോ കേസിലെ പരാതിക്കാരെ ഭീഷണിപ്പെടുത്താനോ പാടില്ലെന്നും ജാമ്യ ഉത്തരവിൽ കോടതി നിർദേശിച്ചു
ബോബി ചെമ്മണ്ണൂരിന് ഉപാധികളോടെ ജാമ്യം നൽകി ഹൈക്കോടതി; ഉത്തരവിൽ ദ്വയാർഥ പ്രയോഗങ്ങൾക്ക് വിമർശനം
Published on


ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജാമ്യ ഉത്തരവ് ചൊവ്വാഴ്ച ഉച്ചയോടെ പുറത്തുവന്നു. ബോബി ചെമ്മണ്ണൂർ 50,000 രൂപയുടെ ജാമ്യത്തുക കെട്ടിവെക്കണമെന്നും രണ്ടു പേരുടെ ആൾജാമ്യം വേണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. അന്വേഷണ സംഘം ആവശ്യപ്പെടുന്ന മുറയ്ക്ക് കേസിൻ്റെ അന്വേഷണവുമായി സഹകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. അന്വേഷണത്തെ സ്വാധീനിക്കാനോ കേസിലെ പരാതിക്കാരെ ഭീഷണിപ്പെടുത്താനോ പാടില്ലെന്നും ജാമ്യ ഉത്തരവിൽ കോടതി നിർദേശിച്ചു.

അതേസമയം, കാക്കനാട് ജില്ലാ ജയിലിലുള്ള ബോബി ചെമ്മണ്ണൂരിന് ഇന്ന് തന്നെ പുറത്തിറങ്ങാൻ സാധിച്ചേക്കും. ജില്ലാ ജയിലിന് മുന്നിൽ വലിയ ജനക്കൂട്ടം തടിച്ചുകൂടിയിട്ടുണ്ട്. ബോബി ചെമ്മണ്ണൂരിനെ സ്വീകരിക്കാനായാണ് നിരവധപ്പേർ ജയിലിന് മുന്നിൽ തടിച്ച് കൂട്ടിയിട്ടുള്ളതെന്നാണ് റിപ്പോർട്ട്.

ജാമ്യ ഉത്തരവിൽ കേസിൻ്റെ മെറിറ്റുമായി ബന്ധപ്പെട്ട് ബോബി ചെമ്മണ്ണൂരിൻ്റെ ദ്വയാർഥ പ്രയോഗങ്ങളെ കോടതി വിമർശിക്കുന്നുണ്ട്. ഹണി റോസിനെതിരെ ദ്വയാ‍ർഥ പ്രയോ​ഗം നടത്തിയിട്ടില്ലെന്ന് പ്രതിഭാഗത്തിന് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു. മെറിറ്റിൽ കേസ് വാദിച്ചാൽ അംഗീകരിക്കാനാവില്ല. ഹർജിയിൽ നടിയെ വീണ്ടും അപമാനിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം പരാമർശങ്ങൾ നടത്തിയാൽ ഉണ്ടാകുന്ന പ്രത്യാഘാതം പൊതുജനം മനസിലാക്കണമെന്നും കോടതി വ്യക്തമാക്കി.

കണ്ണൂരിലെ ജ്വല്ലറി ഷോറൂമിൻ്റെ ഉദ്ഘാടന ചടങ്ങിൽ വെച്ച് ബോബി ചെമ്മണ്ണൂർ തൻ്റെ കൈ പിടിച്ച് കറക്കിയെന്നും ദ്വയാര്‍ഥ പ്രയോഗം നടത്തിയെന്നും ഹണി റോസ് പരാതിയിൽ പറയുന്നുണ്ട്. ബോബി തൻ്റെ സമ്മതം ഇല്ലാതെ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചു. ഒരു ഉദ്ഘാടന പരിപാടിക്കിടെ സമ്മതമില്ലാതെ നെക്ലേസ് ധരിപ്പിച്ചു. അതിന് ശേഷം തന്റെ കൈയ്യിലും ശരീരത്തിലും അനുവാദമില്ലാതെ സ്പര്‍ശിക്കുകയും, കൈയ്യില്‍ പിടിച്ച് കറക്കിയെന്നുമാണ് പരാതിയിൽ പറയുന്നത്. പൊതു പരിപാടിക്കിടെ പൊതുജന മധ്യത്തില്‍ വെച്ചാണ് ഈ അധിക്ഷേപം നടത്തിയതെന്നും നടിയുടെ പരാതിയിൽ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com