"ഭർത്താവിന് ആത്മീയത മാത്രം, ലൈംഗികതയിൽ താൽപ്പര്യമില്ല";ഭാര്യക്ക് വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി

ഭർത്താവിന് ആത്മീയതയിൽ മാത്രമാണ് താൽപര്യമെന്നും തന്നെ ആത്മീയത സ്വീകരിക്കാൻ നിർബന്ധിക്കുന്നെന്നും കാണിച്ചുള്ള ഭാര്യയുടെ വിവാഹമോചന ഹർജിയിക്കെതിരെ, ഭർത്താവ് നൽകിയ അപ്പീലിലാണ് ഹൈക്കോടതി നിരീക്ഷണം
"ഭർത്താവിന് ആത്മീയത മാത്രം, ലൈംഗികതയിൽ താൽപ്പര്യമില്ല";ഭാര്യക്ക് വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി
Published on

പങ്കാളിയുടെ വ്യക്തിപരമായ കാര്യങ്ങളെ നിയന്ത്രിക്കാൻ വിവാഹം അധികാരം നൽകുന്നില്ലന്ന് ഹൈക്കോടതി. ഭർത്താവിന് ആത്മീയതയിൽ മാത്രമാണ് താൽപര്യമെന്നും തന്നെ ആത്മീയത സ്വീകരിക്കാൻ നിർബന്ധിക്കുന്നെന്നും കാണിച്ചുള്ള ഭാര്യയുടെ വിവാഹമോചന ഹർജിയിക്കെതിരെ, ഭർത്താവ് നൽകിയ അപ്പീലിലാണ് ഹൈക്കോടതി നിരീക്ഷണം.  വിശ്വാസങ്ങളെയോ ആത്മീയതയെയോ പങ്കാളിക്ക് നിയന്ത്രിക്കാനാവില്ല. ഭാര്യയെ തനിക്കിഷ്ടമുള്ള ആത്മീയ ജീവിതം സ്വീകരിക്കാൻ നിർബന്ധിക്കുന്നത് ക്രൂരതയ്ക്ക് തുല്യമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഭാര്യക്ക് വിവാഹമോചനം നൽകികൊണ്ട് വിധി പറഞ്ഞത്. 

ഭർത്താവിന് താൽപര്യം ആത്മീയത മാത്രമാണെന്നും ലൈംഗികതയിൽ താൽപര്യം ഇല്ലെന്നും ഹർജിയിൽ ഭാര്യ പറയുന്നു. ഇയാൾ പഠനം അടക്കമുള്ള കാര്യങ്ങൾക്ക് അനുവദിക്കുന്നില്ലെന്നും ആത്മീയതയ്ക്ക് നിർബന്ധിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഭാര്യ വിവാഹമോചന അപേക്ഷ സമർപ്പിച്ചത്. നേരത്തെ യുവതി വിവാഹമോചനം ആവശ്യപ്പെട്ട് മൂവാറ്റുപുഴ കുടുംബ കോടതിയെ സമീപിച്ചിരുന്നു. കോടതി ഇവർക്ക് വിവാഹമോചനം അനുവദിക്കുകയും ചെയ്തു. വിധി ചോദ്യം ചെയ്ത് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കോടതി നിരീക്ഷണം.

2016ലാണ് ദമ്പതികൾ വിവാഹിതരാവുന്നത്. പല തവണ ഭാര്യ വിവാഹമോചനത്തിന് ശ്രമിച്ചെങ്കിലും ഭർത്താവ് വിഷയം ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയായിരുന്നു. ഭർത്താവിന് ആത്മീയതയിൽ മാത്രമാണ് താൽപര്യമെന്ന ഭാര്യയുടെ വാദം കോടതി ശരിവെയ്ക്കുകയും ഇവർക്ക് വിവാഹമോചനം അനുവദിക്കുകയും ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com