'മറുഭാഗം കേള്‍ക്കാതിരിക്കരുത്'; ലൈംഗികാതിക്രമ പരാതികൾ വ്യാജമെങ്കിൽ സ്ത്രീകൾക്കെതിരെയും നടപടിയുണ്ടാകണമെന്ന് ഹൈക്കോടതി

വ്യാജ ആരോപണങ്ങൾ കാരണം ഒരു പൗരനുണ്ടാകുന്ന ആഘാതം പണം കൊണ്ട് പരിഹരിക്കാനാകില്ലെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു
'മറുഭാഗം കേള്‍ക്കാതിരിക്കരുത്'; ലൈംഗികാതിക്രമ പരാതികൾ വ്യാജമെങ്കിൽ സ്ത്രീകൾക്കെതിരെയും നടപടിയുണ്ടാകണമെന്ന് ഹൈക്കോടതി
Published on

ലൈംഗികാതിക്രമ പരാതികൾ വ്യാജമാണെന്ന് കണ്ടാൽ സ്ത്രീകൾക്കെതിരെ നടപടി ഉണ്ടാകണമെന്ന് ഹൈക്കോടതി. സ്ത്രീ പരാതി ഉന്നയിച്ചതെന്നത് കൊണ്ട് മാത്രം ആരോപണങ്ങളെല്ലാം സത്യമാകണമെന്നില്ല. പരാതികളിൽ വിശദമായ അന്വേഷണം ആവശ്യമാണ്. ചില സ്ത്രീകൾ ഗുരുതരമായ ലൈംഗികാരോപണങ്ങൾ നിരപരാധികൾക്കെതിരെ ഉന്നയിക്കുന്ന പ്രവണതയുണ്ടെന്നും പരാതികളിൽ മറുഭാഗത്തിന് പറയാനുള്ളത് കേൾക്കാതിരിക്കരുതെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. ബദിയടുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ കണ്ണൂർ സ്വദേശിക്ക് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിലാണ് പരാമർശങ്ങൾ.


ഇത്തരം വ്യാജ ആരോപണങ്ങൾ കാരണം ഒരു പൗരനുണ്ടാകുന്ന ആഘാതം പണം കൊണ്ട് പരിഹരിക്കാനാകില്ലെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു. അയാളുടെ സത്യസന്ധത, സമൂഹത്തിലെ സ്ഥാനം, പ്രശസ്തി തുടങ്ങിയവയെല്ലാം ഒരൊറ്റ വ്യാജ പരാതിയിലൂടെ ഇല്ലാതാകുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം കേസുകളിൽ കുറ്റപത്രം തയ്യാറാക്കും മുൻപ് പൊലീസ് രണ്ട് വട്ടം ആലോചിക്കണം. ഗുരുതരമായ നിയമ-വസ്തുത ചോദ്യങ്ങൾ ഉയ‍ർത്തുന്ന നിരവധി കേസുകൾ കാരണം കോടതി ബുദ്ധിമുട്ടുകയാണ്. 'നെല്ലും പതിരും വേർതിരിക്കേണ്ടത്' പൊലീസ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണ്. കോടതിക്ക് കേസ് അന്വേഷിക്കാനാകില്ലെന്നും അന്വേഷണ ഉദ്യോ​ഗസ്ഥർ സമർപ്പിക്കുന്ന കുറ്റപത്രത്തിൽ നിന്നും ഒരു തീരുമാനം എടുക്കാനെ സാധിക്കുകയുള്ളുവെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.

ജീവനക്കാരിയുടെ കയ്യിൽ മാനേജർ ലൈം​ഗിക ഉദ്ദേശ്യത്തോടെ കടന്നുപിടിച്ചുവെന്ന കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കുകയായിരുന്നു കോടതി. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 75(1) പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പരാതിക്കാരിയുടെ കാര്യക്ഷമതയില്ലായ്മ കാരണം കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നുവെന്നും അന്നേ ദിവസം ഇവർ തന്നെയും മറ്റ് ജീവനക്കാരെയും അധിക്ഷേപിച്ചിരുന്നതായും ആയിരുന്നു ഹർജിക്കാരന്റെ വാദം. 'തനിക്ക് എന്താണ് ചെയ്യാൻ കഴിയുക എന്ന് കാണിച്ചു തരാം' എന്ന് പറഞ്ഞുപോയ ഇവർ കേസ് കൊടുക്കുകയായിരുന്നു എന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. പരാതിക്കാരിക്ക് മുൻപ് ഹർജിക്കാരന്റെ പരാതിയാണ് പൊലീസിന് ലഭിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. വസ്തുതകൾ പരിശോധിച്ച കോടതി പ്രതിക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com