സർക്കാരിന് തിരിച്ചടി; വൈസ് ചാന്‍സലർ നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

ഹർജിയിൽ കോടതി പ്രൊഫ. ശിവപ്രസാദിന് നോട്ടീസ് അയച്ചിട്ടുണ്ട്
സർക്കാരിന് തിരിച്ചടി; വൈസ് ചാന്‍സലർ നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി
Published on

വൈസ് ചാന്‍സലർ നിയമനത്തില്‍ ഗവർണറുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് സർക്കാർ ഫയൽ ചെയ്ത ഹർജിയിൽ സ്റ്റേ നൽകാൻ വിസമ്മതിച്ച് ഹൈക്കോടതി. സാങ്കേതിക  സർവകലാശാല താല്‍ക്കാലിക വിസിയായി പ്രൊഫ. ശിവപ്രസാദിനെ നിയമിച്ച ചാന്‍സലർ കൂടിയായ ഗവർണറുടെ നടപടിയെ എതിർത്തായിരുന്നു ഹർജി. ഹർജി പരിഗണിച്ച ജസ്റ്റിസ്‌ സിയാദ് റഹ്മാൻ, വൈസ് ചാന്‍സലർ ഇല്ലാത്ത അവസ്ഥ സർവകലാശാലകളില്‍ അനുവദിക്കാൻ പറ്റുകയില്ലെന്ന് നിരീക്ഷിച്ചു.

സർവകലാശാലാ ആക്ട് ലംഘിച്ചാണ് ഡിജിറ്റൽ സർവകലാശാലയിൽ സിസാ തോമസിനേയും, കെടിയുവിൽ കെ. ശിവപ്രസാദിനേയും നിയമിച്ചതെന്ന് സർക്കാർ വിമർശിച്ചിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.  ഹർജിയിൽ കോടതി പ്രൊഫ. ശിവപ്രസാദിന് നോട്ടീസ് അയച്ചിട്ടുണ്ട്.

അതേസമയം, ചാൻസലർക്കുള്ള അധികാരം നിയമസഭ പാസാക്കുന്ന നിയമങ്ങളിലൂടെ ഉള്ളതാണെന്ന് മന്ത്രി പി.രാജീവ്‌ പറഞ്ഞു. വൈസ് ചാൻസലർമാരെ നിയമിക്കേണ്ടത് സർക്കാർ നൽകുന്ന പാനലിൽ നിന്നും വേണമെന്ന് സംസ്ഥാന നിയമമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.  കണ്ണൂർ വിസിയുമായി ബന്ധപ്പെട്ട വിധിക്ക് ശേഷവും നിരവധി വിധികൾ വന്നിട്ടുണ്ട്.  സർക്കാരിന് അധികാരമില്ല എന്ന് സുപ്രീം കോടതി വിധിയില്ലെന്നും പി. രാജീവ് കൂട്ടിച്ചേർത്തു.

Also Read: ഗവർണർ പിണറായി പോര് വീണ്ടും; വിസി നിയമനത്തിൽ നിയമപരമായി നീങ്ങുമെന്ന് സർക്കാർ

സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വൈസ്‌ ചാന്‍സലര്‍മാരെ ഏകപക്ഷീയമായി നിയമിച്ച ഗവർണറുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നാണ് സിപിഎം നിലപാട്. സര്‍വകലാശാല ചട്ടങ്ങളേയും, കോടതി നിര്‍ദേശങ്ങളേയും, കീഴ്‌വഴക്കങ്ങളേയും ലംഘിച്ചാണ്‌ ഗവര്‍ണറുടെ നടപടി. സംഘപരിവാര്‍ താല്‍പ്പര്യങ്ങള്‍ മാത്രം ലക്ഷ്യം വച്ച്‌ വിസിമാരെ അടിച്ചേല്‍പ്പിക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com