
ഡൽഹി മദ്യനയ അഴിമതിക്കേസിലെ സിഎജി റിപ്പോർട്ട് സഭയിൽ ചർച്ച ചെയ്യാൻ കാലതാമസം വരുത്തിയെന്ന് ഡൽഹി ഹൈക്കോടതി. എഎപി സർക്കാരിന് നേരെ കോടതി രൂക്ഷ വിമർശനമുന്നയിച്ചു. ഈ വിഷയത്തിലെ എഎപി സർക്കാരിന്റെ സത്യസന്ധതയെ സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കോടതി പറഞ്ഞു. "റിപ്പോർട്ട് സ്പീക്കർക്ക് കൈമാറി, സഭയിൽ ചർച്ച ചെയ്യണമായിരുന്നു", കോടതി അറിയിച്ചു.
വിഷയം ചർച്ച ചെയ്യാതിരിക്കാൻ സഭാ സമ്മേളനം സർക്കാർ മനഃപൂർവം വൈകിപ്പിച്ചോ എന്നും ജസ്റ്റിസ് സച്ചിൻ ദത്ത ചോദ്യമുന്നയിച്ചു. എന്നാൽ സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എങ്ങനെ സഭാ സമ്മേളനം വിളിക്കാനാവും എന്നായിരുന്നു എഎപി മറുപടി നൽകിയത്. ഇന്ന് ഉച്ചതിരിഞ്ഞ് വീണ്ടും ഹൈക്കോടതിയിൽ വാദം തുടരും.
മദ്യനയം കാരണം 2026കോടിയുടെ നഷ്ടമുണ്ടായെന്ന സിഎജി റിപ്പോർട്ട് പുറത്തുവന്നിരുന്നു. സ്വകാര്യ മദ്യശാലകൾക്ക് ലൈസൻസ് നൽകിയതിലും ക്രമക്കേടുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. അന്നത്തെ എക്സൈസ് മന്ത്രിയായിരുന്ന മനീഷ് സിസോദിയ വിദഗ്ധ സമിതിയുടെ ശുപാർശകൾ അവഗണിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.
ദേശീയ തലസ്ഥാനത്തെ മദ്യ റീട്ടെയിൽ ലാൻഡ്‌സ്‌കേപ്പ് നവീകരിക്കാനും വരുമാനം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് 2021നവംബറിൽ മദ്യനയം അവതരിപ്പിച്ചത്. മദ്യനയത്തിലൂടെ ഉദ്ദേശിച്ച ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും, ആംആദ്മി പാർട്ടി നേതാക്കൾക്ക് മാത്രമാണ് പ്രയോജനം ലഭിച്ചതെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു.