തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നുള്ള കരിമണൽ ഖനനം; വിശദീകരണം തേടി ഹൈക്കോടതി

തോട്ടപ്പള്ളി സ്പിൽവേയിൽ കരിമണൽ ഖനനത്തിന് അനുമതി നൽകിയതിനെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സർക്കാരടക്കമുള്ള എതിർകക്ഷികളോടാണ് ഹൈക്കോടതി വിശദീകരണം തേടിയത്
തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നുള്ള കരിമണൽ ഖനനം;  വിശദീകരണം തേടി ഹൈക്കോടതി
Published on

തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നുള്ള കരി മണൽഖനനം എത്ര നാൾ തുടരണമെന്ന് സർക്കാർ വിശദീകരിക്കണമെന്ന് ഹൈക്കോടതി. കുട്ടനാട്ടിൽ പ്രളയ ഭീതിയുള്ളതിനാൽ എല്ലാവർഷവും മൺസൂണിൽ മണൽ നീക്കേണ്ടി വരുമെന്ന്  സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇതിനു പകരം ദീർഷകാല പദ്ധതിയല്ലേ വേണ്ടതെന്നും, വിഷയത്തിൽ വിശദമായി വാദം കേൾക്കണമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി

തോട്ടപ്പള്ളി സ്പിൽവേയിൽ കരിമണൽ ഖനനത്തിന് അനുമതി നൽകിയതിനെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സർക്കാരടക്കമുള്ള എതിർകക്ഷികളോടാണ് ഹൈക്കോടതി വിശദീകരണം തേടിയത്. കുട്ടനാട്ടിൽ പ്രളയ ഭീതിയുള്ളതിനാൽ എല്ലാ വർഷവും മണൽ നീക്കണമെന്ന് വിദഗ്ധ റിപ്പോർട്ടുകൾ ഉണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. വിഷയത്തിൽ വിശദമായി വാദം കേൾക്കണമെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അറിയിച്ചു.

പൊഴിമുഖത്തുനിന്ന് മണൽ നീക്കം ചെയ്യുവാൻ അല്ലാതെ മണൽവാരി വിൽക്കുവാൻ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിൽ എവിടെയും പറഞ്ഞിട്ടില്ല. മാത്രമല്ല ഇവിടെ നിന്നും നീക്കം ചെയ്യുന്ന മണലിൽ അറ്റോമിക് മിനറൽസ് അടങ്ങിയിട്ടുണ്ടെന്ന് സർക്കാർ ഉത്തരവിൽ തന്നെ വ്യക്തമാണ്. അതിനാൽ തന്നെ ഇതിനായി പാരിസ്ഥിതിക അനുമതിയോ,കോസ്റ്റൽ സോൺ റെഗുലേഷൻ ആക്റ്റോ പാലിക്കാതെ അനധികൃതമായി ടൺ കണക്കിന് മണലാണ് ഈ മേഖലയിൽ നിന്നും ഓരോ ദിവസവും കടത്തിക്കൊണ്ടു പോകുന്നത്.

ധാതുക്കൾ അടങ്ങിയ മണൽ കടത്തുന്നത് രാജ്യ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ്. കഴിഞ്ഞകാലങ്ങളിൽ നടന്ന ക്രമക്കേടുകൾ സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നും, ആറ്റോമിക് മിനറൽസ് അനധികൃതമായി രാജ്യത്തെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ എൻഐഎ ഉൾപ്പടെയുള്ള ഏജൻസികളുടെ അന്വേഷണം വേണമെന്നും ഷോൺ ജോർജ് സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com